എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് രാജ്യരക്ഷയ്ക്ക് ഒരുമിക്കുക
#സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
പാണക്കാട്
രാജ്യം ഒരു റിപ്പബ്ലിക് ദിനം കൂടി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യം നേരിട്ട സര്‍വ്വ പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ടാണ് പുതിയൊരു റിപ്പബ്ലിക്ക് ദിനത്തിന് കൂടി നാം സാക്ഷ്യം വഹിക്കുന്നത്. മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് ഭാരതത്തെ വേറിട്ടുനിര്‍ത്തിയ സുപ്രധാനഘടകം ഇവിടുത്തെ ബഹുസ്വരതയായിരുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ മതങ്ങളും സംസ്‌ക്കാരങ്ങളും ജാതികളും ഭാഷകളും തമ്മില്‍ പോരടിച്ച് ഈ രാജ്യം തകര്‍ന്നുപോകുമെന്ന് വിധിയെഴുതിയ ആളുകള്‍ പിന്നീട് രാജ്യത്തിന്റെ വളര്‍ച്ചയില്‍ അത്ഭുതപ്പെടുകയായിരുന്നു. വൈവിധ്യമായിരുന്നു നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. മതങ്ങള്‍ക്കതീതമായ കെട്ടുറപ്പും ഐക്യബോധവും സൗഹൃദവുമായിരുന്നു ഈ രാജ്യത്തിന്റെ ശക്തി. എന്നാല്‍, ബഹുസ്വരതയെ ഏകസ്വരതയിലേക്ക് വഴിതിരിച്ചുവിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അതിഭീകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പറയാതെ വയ്യ.
മതങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിച്ച് ലാഭം കൊയ്യുവാനുള്ള ശ്രമങ്ങള്‍ രാജ്യത്തൊന്നടങ്കം ആസൂത്രിതമായി നടക്കുന്നു. അതിനെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം. ഭിന്നിച്ച് ഭരിക്കുക (ഡിവൈഡ് ആന്‍ഡ് റൂള്‍) എന്ന ബ്രിട്ടീഷുകാരുടെ പോളിസി തന്നെയാണ് ഇന്ന് സംഘ്പരിവാരം പ്രയോഗവല്‍കരിച്ചുകൊണ്ടിരിക്കുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വന്നുകൊണ്ടിരുന്ന വര്‍ഗീയ വിഷം പുരണ്ട പ്രസ്താവനകള്‍ തികച്ചും ആസൂത്രിതമായിരുന്നുവെന്ന് വേണം കരുതാന്‍. ഓരോ റിപ്പബ്ലിക് ദിനം കടന്ന് വരുമ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരദേശാഭിമാനികളെയും രാജ്യത്തെ പടുത്തുയര്‍ത്തിയ മഹാരഥന്മാരെയും ഓര്‍ക്കുന്നതോടൊപ്പം രാജ്യത്തിന്റെ തലച്ചോറിനെ ബാധിച്ച അര്‍ബുദമായ തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളെയും ഒന്നൊഴിയാതെ ഓര്‍ത്തെടുക്കണം. പ്രത്യേകിച്ച് മറവി ഫാസിസത്തിന്റെ വലിയ ആയുധമായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം ഓര്‍മ്മകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.
ഹിന്ദുരാഷ്ട്രവാദവും പൊളിറ്റിക്കല്‍ ഹിന്ദൂയിസവും രാജ്യത്ത് ശക്തിപ്രാപിക്കുന്നുവെന്നതാണ് ഇന്ന് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ഹിന്ദു മതവിഭാഗത്തില്‍ നിന്നും ബഹുഭൂരിഭാഗം പേരും ഈ വാദത്തെ അംഗീകരിക്കുന്നില്ലെന്നും അതിനെ എതിര്‍ത്തുതോല്‍പിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യുന്നുവെന്നത് ഏറെ പ്രതീക്ഷാവഹമാണ്. അടുത്തിടെയായി നടക്കുന്ന പേര് മാറ്റല്‍ പ്രക്രിയകള്‍ ഒരു സമുദായത്തിന്റെ ചരിത്രത്തെ തന്നെ മായ്ച്ചുകളയുന്നതിന്റെ ഭാഗമാണ്. അഹ്മദാബാദിനെ കര്‍ണ്ണാവതിയായും അലഹാബാദിനെ പ്രയാഗ്രാജയെന്നും ഫൈസാബാദിനെ അയോധ്യയായുമൊക്കെ പേര് മാറ്റുന്നതിന് പിന്നിലെ രാഷ്ട്രീയം തികച്ചും പ്രകടമാണ്. ഒരു പേര് മാറ്റുന്നതിലൂടെ ഒരു ചരിത്രം തന്നെ ഇല്ലാതാക്കാനാണ് ഫാസിസം ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ പേര് മാറ്റാന്‍ അനുമതി നല്‍കിയത് ചരിത്രപ്രാധാന്യമുള്ള 25 സ്ഥലങ്ങളുടേതാണ്. മുസ്‌ലിം-ക്രൈസ്ത ധ്വനിയുള്ള പേരുകള്‍ നീക്കി പുരാണങ്ങളിലെ സ്ഥലങ്ങളുടേയും സാങ്കല്‍പ്പിക സംഭവങ്ങളുടേയും പേരുകള്‍ നല്‍കി രാജ്യത്തെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ആര്‍.എസ്.എസ് അജന്‍ഡയാണ് രാജ്യത്ത് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ രാജ്യത്തിന്റെ മൊത്തം ആചാരാനുഷ്ഠാനമാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങളും രാജ്യത്ത് നടക്കുന്നു.
ഭൂരിപക്ഷ വര്‍ഗീയത എത്രമേല്‍ അപകടകരമാണോ അത്രമേല്‍ അപകടകാരി തന്നെയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്നത് പ്രത്യേകം പറയേണ്ടതില്ല. ഓരോ മതവിഭാഗത്തിലും ഉടലെടുക്കുന്ന വര്‍ഗീയതയെ അതത് വിഭാഗത്തിലെ ഉത്തരവാദപ്പെട്ടവര്‍ തിരുത്താന്‍ തയാറാവണം. ഹിന്ദുമത ആദര്‍ശങ്ങളെ വളച്ചൊടിച്ച് രാഷ്ട്രീയലാഭം കൊയ്യുന്ന സംഘ്പരിവാറുകള്‍ക്ക് യഥാര്‍ഥ സനാതന ധര്‍മ്മങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ യഥാര്‍ഥ ഹിന്ദു വിശ്വാസികള്‍ തയാറാവണം. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുടലെടുക്കുന്ന വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ മതനേതാക്കളും ബന്ധപ്പെട്ടവരും മുന്നോട്ട് വരണം.
ഒരു രാഷ്ട്രം വളരുന്നത് എല്ലാ ജനവിഭാഗങ്ങളും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരുമ്പോഴാണ്. എല്ലാ ജനവിഭാഗങ്ങളുടേയും ഉന്നമനത്തിന് വേണ്ടിയാണ് സംവരണം മൗലികാവകാശമായി നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്നത്. എന്നാല്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണാവകാശങ്ങള്‍ നേടിയെടുക്കാനാവാതെയാണ് പിന്നാക്ക വിഭാഗം ഏഴ്പതിറ്റാണ്ടുകളായി രാജ്യത്ത് കഴിയുന്നത്. രാജ്യത്തെ ഉന്നതസ്ഥാനങ്ങള്‍ മുഴുവന്‍ ഒരു വിഭാഗം കയ്യടക്കിവെക്കുകയും ഇവിടെയുള്ള പിന്നാക്ക വിഭാഗം കടുത്ത വിവേചനത്തിനും സംവരണ അട്ടിമറിക്കും വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നതും ഓരോ റിപ്പബ്ലിക് ദിനത്തിലും നമ്മള്‍ വേദനയോടെ ഓര്‍ക്കുകയാണ്.
സംവരണാവകാശങ്ങള്‍ പോലും പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് സച്ചാര്‍ കമ്മീഷനും നരേന്ദ്ര കമ്മീഷനുമൊക്കെ വ്യക്തമായി പറഞ്ഞിട്ടും അത് പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നതിന് പകരം മുന്നാക്ക ജനവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷത്തിന് സാമ്പത്തിക സംവരണം നല്‍കാന്‍ ഭരണകൂടം ധൃതി കൂട്ടുകയും അതിന് എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുകയും ചെയ്തത് ഏറെ ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്. രാഷ്ട്രത്തിന്റെ വളര്‍ച്ചക്കും കെട്ടുറപ്പിനും, എല്ലാ ജനവിഭാഗങ്ങള്‍ക്കും സംവരണാവകാശങ്ങളുള്‍പ്പെടെ എല്ലാ അവകാശാധികാരങ്ങളും നേടിയെടുക്കാനുള്ള സാഹചര്യങ്ങളൊരുക്കിക്കൊടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണം.
ഒപ്പം, രാഷ്ട്രത്തിന്റെ തകര്‍ച്ചക്ക് കാരണമാകുന്ന വര്‍ഗീയ കലാപങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അറുതി വരണം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിടാനായി കൊണ്ടുവന്ന പല നിയമങ്ങളും ഒരു വിഭാഗം പ്രതിസ്ഥാനത്ത് വരുമ്പോള്‍ മാത്രം ചുമത്തപ്പെടുന്ന രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഏറെ നിരാശാജനകമാണ്. എല്ലാവര്‍ക്കും ഒരേ നീതിയും നിയമവും നടപ്പിലാക്കാന്‍ ഭരണകൂടം തയാറാവണം.
രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ അവിടെയുള്ള വിദ്യാര്‍ഥിയുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ട്്. അവരെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കാനുമുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ഇവിടെയുള്ള ഭരണകൂടത്തിനുണ്ട്. അതില്ലാതെ വരുമ്പോഴാണ് ഇവിടെയുള്ള പ്രതിലോമ ശക്തികള്‍ക്ക് മുന്നില്‍ അവര്‍ കീഴടങ്ങുന്നതും അരാഷ്ട്രീയവാദത്തിലേക്കും വര്‍ഗീയവാദത്തിലേക്കും അവര്‍ നയിക്കപ്പെടുന്നതും.
സാമൂഹ്യനീതിസങ്കല്‍പ്പങ്ങളും അവകാശങ്ങളും സംവരണവുമെല്ലാം കൃത്യമായ തോതില്‍ ഓരോ പൗരന്മാര്‍ക്കും ഉറപ്പ് വരുത്താന്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് കൈ കോര്‍ക്കാം. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തിന്റെ സായാഹ്നത്തില്‍ എസ്.കെ.എസ്.എസ്.എഫ് വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയില്‍ നമുക്ക് അണിചേരാം.
(എസ്.കെ.എസ്.എസ്്.എഫ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."