സിബാഖ് ദേശീയ കലോത്സവത്തിന് തുടക്കം
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് വാഴ്‌സിറ്റിയില്‍ തുടക്കമായി.
ഇസ്‌ലാമിക കലയുടെ തനിമയും ആസ്വാദന തെളിമയും പകരുന്ന സിബാഖ് കലാമാമാങ്കം നിരവധി പോരാട്ട ചരിത്രങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കടലുണ്ടിപ്പുഴയോരത്ത് ഇനി നാലുനാള്‍ സര്‍ഗവിസ്മയം തീര്‍ക്കും.
കേരളത്തിനകത്തും പുറത്തുമുള്ള രണ്ടായിരത്തോളം മത്സരാര്‍ഥികളാണ് 260 ഇനങ്ങളില്‍ മാറ്റുരക്കുന്നത്.
ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുല്‍ മജീദ്, എഴുത്തുകാരന്‍ വി. മുസാഫര്‍ അഹമ്മദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എം.എസ്.എഫ് ജന.സെക്രട്ടറി എം.പി നവാസ് കല്‍പറ്റ, കെ.എസ്.യു ജന.സെക്രട്ടറി റംഷാദ് പൊന്നാനി, തിരൂരങ്ങാടി നഗരസഭാ വൈ. ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി സിബാഖ് പരിചയം നടത്തി.
യു.ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി.കെ നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
സിബാഖ് കലോത്സവത്തിന്റെ മുന്നോടിയായി വൈകിട്ട് മൂന്നിന് ചെമ്മാട് ടൗണില്‍ മത്സരാര്‍ഥികള്‍ അണിനിരന്ന വിളംബര റാലി നടന്നു.
തുടര്‍ന്ന് കലോത്സവ നഗരിയില്‍ ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈതലവി ഹാജി സമസ്തയുടെയും ടീം മാനേജര്‍മാര്‍ സ്ഥാപനങ്ങളുടെയും പതാകകള്‍ ഉയര്‍ത്തി.
ദാറുല്‍ഹുദാ ശില്‍പി ഡോ.യു. ബാപ്പുട്ടി ഹാജി, സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ഖബര്‍ സിയാറത്തിന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നേതൃത്വം നല്‍കി. അഞ്ച് പ്രധാന വേദികളടക്കം പത്തുവേദികളാണ് സിബാഖിനായി സജ്ജമാക്കിയിട്ടുള്ളത്. നേരത്തെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദാറുല്‍ഹുദാ യു.ജി കോളജുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍നിന്നു യോഗ്യത നേടിയ വിദ്യാര്‍ഥികളാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."