കുടുക്കിയത് തന്ത്രപരമായി; ഒഴിവായത് വന്‍വിപത്ത്
കണ്ണൂര്‍: അപകടകാരിയായ പുലിയെ വളഞ്ഞിട്ടു പിടിച്ചതു വനംവകുപ്പിന്റെ നേട്ടമായി. മൂന്നുപേരെ ആക്രമിച്ചതിനു ശേഷം കസാനക്കോട്ടയിലെ കുറ്റിക്കാട്ടിലേക്കു കയറിയ പുലിയെ പിടികൂടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറ്റിക്കാടിനു ചുറ്റും വലവിരിച്ചിരുന്നു. ഇരുട്ടുപരന്നതോടെ പുലി ഒളിച്ചിരുന്ന കുറ്റിക്കാട് നിറഞ്ഞ പറമ്പിനു ചുറ്റും അഗ്നിശമന സേന ജനറേറ്റര്‍ വിളക്കുകള്‍ സ്ഥാപിച്ചു. പിന്നാലെ വയനാട്ടില്‍ നിന്നു വനംവകുപ്പിന്റെ വലിയ കൂടുമെത്തി. ഒടുവില്‍ മയക്കുവെടി വിദഗ്ധനായ ഡോ. അരുണ്‍ സകറിയാസ് വയനാട്ടില്‍ നിന്നെത്തി മയക്കുവെടി വച്ചതോടെ പുലി കീഴടങ്ങുകയും ചെയ്തു.
ഇതിനിടെ സമീപത്തെ വീടുകളും പൊലിസ് ഒഴിപ്പിച്ചു. വിവരമറിഞ്ഞ് കസാനക്കോട്ടയിലേക്കു പ്രവഹിപ്പിച്ച ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ കലക്ടര്‍ നിരോധനാജ്ഞയും പുറപ്പെടുവിപ്പിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, കെ.കെ രാഗേഷ് എം.പി, കലക്ടര്‍ മീര്‍ മുഹമ്മദലി, ഐ.ജി മഹിപാല്‍ യാദവ്, എസ്.പി ജി. ശിവവിക്രം എന്നിവര്‍ സ്ഥലത്തെത്തി. പുലിയിറങ്ങിയ വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനാളുകളാണു കസാനക്കോട്ടയില്‍ എത്തിയത്.
ദൂരദേശങ്ങളില്‍ നിന്നുവരെ വാഹനങ്ങളുമായി ആളുകളെത്തിയതിനെ തുടര്‍ന്നു തായത്തെരു-കണ്ണൂര്‍ സിറ്റി റോഡില്‍ രാത്രി ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ഇവരെ നിയന്ത്രിക്കാന്‍ പൊലിസിനു ഏറെനേരം വിയര്‍പ്പൊഴുക്കേണ്ടി വന്നു. വന്യമൃഗങ്ങളില്‍ ഏറ്റവും അപകടകാരിയായാണു പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. അതിവേഗതയിലോടാനും മാരകമായി പ്രഹരിക്കാനും ഇരയെ കടിച്ചുകുടയാനുമുള്ള ശേഷി പുലിക്കു കൂടുതലായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."