പുനരധിവാസം: ഈശ്വരകൊല്ലിയിലെ ആദിവാസികളെ അവഗണിച്ചതായി ആരോപണം
പദ്ധതിയില്‍ നിന്ന് പുറത്തായത് 14 കുടുംബങ്ങള്‍
മാനന്തവാടി: കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റെയ്റ്റ് പദ്ധതി പ്രകാരം വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയില്‍ തിരുനെല്ലി പഞ്ചായത്തിലെ ഈശ്വര കൊല്ലി ആദിവാസികളെ ഒഴിവാക്കാന്‍ നീക്കം. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നരിമുണ്ടകൊല്ലിയിലെ ജനറല്‍ വിഭാഗത്തിലെ ആറുപേരെയും ഈശ്വരകൊല്ലിയിലെ ദേവി എന്ന ആദിവാസി സ്ത്രീയെയും മാറ്റി പാര്‍പ്പിക്കാന്‍ മാത്രമാണ് തീരുമാനിച്ചത്. ഇവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും.
എന്നാല്‍ ഈശ്വരകൊല്ലിയില്‍ 14 കുടുംബങ്ങള്‍ പദ്ധതിക്ക് പുറത്തായിരിക്കുകയാണ്. ഇതില്‍ 11 കുടുംബങ്ങളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 2012ല്‍ അന്നത്തെ വനം വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇരു കോളനി വാസികളെയും മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടിക വര്‍ഗ വകുപ്പ് മുന്‍കൈയെടുത്ത് ഒന്നര വര്‍ഷം മുന്‍പ് കോര്‍പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 7.5 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കലക്ടറുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് നടപടികള്‍ വൈകാന്‍ കാരണമായത്.
ആദിവാസികള്‍ക്ക് മാത്രം ചിലവഴിക്കേണ്ട കോര്‍പസ് ഫണ്ട് ജനറല്‍ വിഭാഗത്തിന് നല്‍കിയതിനെതിരേയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 40 വര്‍ഷത്തിലധികമായി ഈ കുടുംബങ്ങള്‍ രൂക്ഷമായ വന്യമൃഗ ശല്യവും സഹിച്ചാണ് ഇവിടെ കഴിയുന്നത്. ആന ശല്യത്തില്‍ പൊറുതിമുട്ടി ചില കുടുംബങ്ങള്‍ കിടപ്പാടവും ഭൂമിയും കൃഷിയുമെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോകുകയും ചെയ്തു. പുനരധിവാസത്തിന് തിരുനെല്ലി പഞ്ചായത്തില്‍ ചിലവഴിക്കേണ്ട 70 ലക്ഷം രൂപ കഴിച്ച് ബാക്കി തുക കുറിച്യാട് പുനരധിവസിച്ച കുടുംബങ്ങള്‍ക്ക് ചിലവഴിക്കാനാണ് അധകൃതരുടെ നീക്കം. ഇതിനെതിരേ ഈശ്വരകൊല്ലി നിവാസികള്‍ ശക്തമായ സമര പരിപാടികള്‍ക്ക് തയാറെടുക്കുയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."