തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത ഒപ്പ് ശേഖരണം
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും അനുവദിച്ച പ്രവൃത്തി കരാര്‍ നല്‍കുകയും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെടുന്ന തരത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയറും ഭരണസമിതിയും ഒത്തുകളിച്ച് ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്താന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത സംഭവം വിവാദത്തിലേക്ക്. വെട്ടിപ്പ് സംഭവം പുറത്തായതോടെ തൊഴിലാളികളില്‍ നിന്ന് ജോലി ചെയ്തതായി വ്യാജരേഖയുണ്ടാക്കാന്‍ നിര്‍ബന്ധിത ഒപ്പുശേഖരണം തുടങ്ങി.
പദ്ധതിയില്‍ ആവശ്യമായ മെറ്റീരിയല്‍സുകള്‍ പണിസ്ഥലത്ത് എത്തിക്കുന്നതിന് നേരത്തെ പഞ്ചായത്ത് ടെന്‍ഡര്‍ ക്ഷണിക്കുകയും രണ്ടുപേര്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍ക്ക് സാങ്കേതിക പരിജ്ഞാനമില്ലെന്ന കണ്ടെത്തല്‍ നടത്തി പ്രവൃത്തി കോണ്‍ട്രാക്റ്റര്‍മാര്‍ തന്നെ ഏറ്റെടുത്തു നടത്തുകയാണ് ചെയ്തത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ പ്രവൃത്തിയില്‍ കൃത്രിമം കാണിക്കുകയാണ് ചെയ്തതെന്ന് പരക്കെ ആക്ഷേപമുയരുകയും ചെയ്തു.
കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന ധാരാളം സ്ത്രീകള്‍ തൊഴിലുറപ്പ് തൊഴിലാളികളായി പ്രവര്‍ത്തിക്കുമ്പോഴാണ് സാങ്കേതികമായി കോണ്‍ക്രീറ്റ് ജോലി ചെയ്യാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് ഫണ്ട് വെട്ടിപ്പ് നടത്താന്‍ മാത്രം കരാറുകാര്‍ക്ക് പ്രവൃത്തി നല്‍കിയത്. കരാറുകാര്‍ ഏറ്റെടുത്ത ജോലിയില്‍ പദ്ധതിയില്‍ നിര്‍ദേശിച്ചതിന്റെ മൂന്നിലൊന്ന് മാത്രം കനമാണ് കോണ്‍ക്രീറ്റില്‍ ഉള്ളത്. പല സ്ഥലത്തും കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ആവശ്യത്തിന് സിമന്റും മണലും ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് ഇളകിയതായി ഗുണഭോക്താക്കള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രവൃത്തി നടക്കുന്ന സമയത്ത് അസി.എന്‍ജിനീയറോ, ഓവര്‍സിയറോ സ്ഥലത്ത് എത്തുകയോ പ്രവൃത്തിയെ കുറിച്ച് മനസിലാക്കുകയോ ചെയതില്ലെന്ന് മാത്രമല്ല, ജോലി ദിവസം ഒഴിവ് ദിനത്തില്‍ തന്നെ തിരഞ്ഞെടുത്തതും വാര്‍ത്തയായിരുന്നു.
ഇതിന് പരിഹാരമെന്ന നിലയിലാണ് ഓരോ വാര്‍ഡിലേയും എ.ഡി.എസ്, മേറ്റുമാരെ സ്വാധീനിച്ച് തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നും ജോലി ചെയ്യാത്ത ദിവസത്തെ നിര്‍ബന്ധിത ഒപ്പുശേഖരണം നടത്തി തങ്ങളുടെ ഭാഗം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."