മരണ തിയതി കണക്കാക്കി പെന്‍ഷന്‍ തീരുമാനിക്കണം; നിര്‍ദേശം മനുഷ്യാവകാശ കമ്മിഷന്റേത്
കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ ഒരാള്‍ മരിക്കുകയാണെങ്കില്‍ മരിച്ച തിയതി കണക്കാക്കി വേണം കുടുംബ പെന്‍ഷന് അവകാശികളില്‍ ആര്‍ക്കെല്ലാം യോഗ്യതയുണ്ടെന്ന് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. അതല്ലാതെ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം എടുക്കുമ്പോഴുള്ള ദിവസത്തെ അവകാശികളുടെ പ്രായമല്ല പെന്‍ഷന് കണക്കാക്കേണ്ടതെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
തലശ്ശേരി നഗരസഭയില്‍ സാനിറ്ററി വര്‍ക്കറായിരിക്കെ മരിച്ച ലീലയുടെ കുടുംബത്തിന് ആശ്രിതനിയമനവും പെന്‍ഷനും അനുവദിക്കണമെന്ന പരാതിയിലാണ് ഉത്തരവ്. ലീലയുടെ മരണ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അവരുടെ മരണശേഷമുള്ള അവകാശികളില്‍ ആര്‍ക്കെല്ലാം അതെല്ലാം കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്നു തീരുമാനിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. അവകാശികള്‍ക്കു കുടിശ്ശിക സഹിതം പെന്‍ഷന്‍ നല്‍കിയ ശേഷം തലശ്ശേരി നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശി കെ. വിമല്‍ നല്‍കിയ പരാതിയിലാണ് നടപടി. തലശ്ശേരി നഗരസഭാ സെക്രട്ടറി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ലീലയുടെ മകന്‍ സി.കെ ഉണ്ണിക്ക് ആശ്രിതനിയമനം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കി. ലീലയുടെ ആശ്രിതര്‍ക്കു മറ്റ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനു രണ്ടു ഫോട്ടോയും പെന്‍ഷന്‍ ബുക്കും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യഥാസമയം ഹാജരാക്കിയില്ല.
ലീലയുടെ മകന്‍ രാജേഷ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി 2006ല്‍ അപേക്ഷ നല്‍കിയെങ്കിലും രാജേഷിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ 32 വയസായെന്നു കണ്ടെത്തി. 25 വയസിനു മുകളിലുള്ള ആണ്‍കുട്ടികള്‍ക്കു കുടുംബപെന്‍ഷന് അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മരിച്ച ലീലയ്ക്ക് അഞ്ചുപേര്‍ അവകാശികളായുണ്ടെന്നു പരാതിക്കാരന്‍ അറിയിച്ചു. രാജേഷിന്റെ പ്രായം 32 ആയെങ്കില്‍ മറ്റു മക്കളുടെ പ്രായം റിപ്പോര്‍ട്ടില്‍ ലഭ്യമല്ല. 2004 സെപ്റ്റംബര്‍ 11നാണ് ലീല മരിച്ചത്. എന്നാല്‍ 2005 സെപ്റ്റംബര്‍ 11 എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതു തെളിയിക്കുന്ന റെക്കോര്‍ഡുകള്‍ ലഭ്യമല്ല. ലീലയുടെ മരണ തിയതിക്കു ശേഷം ആര്‍ക്കെല്ലാം കുടുംബപെന്‍ഷന് അര്‍ഹതയുണ്ടെന്നു തീരുമാനിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."