സഊദിയില്‍ ആറ് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവല്‍ക്കരിക്കുന്നു
റിയാദ്: സഊദിയില്‍ ആറു തൊഴില്‍മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിലേക്ക്. മൊബൈല്‍ മേഖലയിലെ തൊഴില്‍ പൂര്‍ണമായും സഊദിവല്‍ക്കരിച്ചതിന്റെ ചുവടുപിടിച്ചാണു കര്‍ശനമായ സ്വദേശിവല്‍ക്കരണവുമായി തൊഴില്‍ മന്ത്രാലയം മുന്നിട്ടിറങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നീ മേഖലകള്‍ അടുത്തഘട്ടത്തില്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്നു തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ഘട്ടംഘട്ടമായി സഊദികള്‍ക്കു തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ള മേഖലകള്‍ സ്വദേശിവല്‍ക്കരിച്ചു രാജ്യത്തെ യുവാക്കളുടെ തൊഴില്‍രഹിത കണക്കുകള്‍ കുറച്ചുകൊണ്ടുവരാന്‍ നേരത്തെ തന്നെ മന്ത്രാലയം നീക്കം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ആദ്യ പടിയായാണ് മൊബൈല്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കിയത്. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ മൊബൈല്‍ കടകളിലെ സ്വദേശിവല്‍ക്കരണത്തില്‍ ക്രിയാത്മകമായ പങ്കുവഹിച്ച സ്വദേശി യുവാക്കള്‍ക്ക് മന്ത്രാലയം വക്താവ് നന്ദി അറിയിച്ചു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട മേഖലകളില്‍ എന്നു മുതല്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുമെന്നതിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
-സഊദി വിഷന്‍ 2030ന്റെ മുന്നോടിയായി 2020ഓടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍നിന്നു വിദേശികളെ പരമാവധി കുറച്ചു തല്‍സ്ഥാനത്തേക്കു സ്വദേശികളെ നിയമിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."