കണ്ടെയ്‌നര്‍ ലോറിയുമായി കടന്ന അച്ഛനും മകനും പിടിയില്‍
മരട്: സിംഗപ്പൂരില്‍ നിന്നും എത്തിച്ച പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന ഫോട്ടോസ്റ്റാററ് മെഷീനുകള്‍ അടങ്ങിയ കണ്ടെയ്‌നര്‍ ലോറിയുമായി കടന്നു കളഞ്ഞ മുംബൈ സ്വദേശി മുഹമ്മദ് റഫീക് ഷെയ്കിനേയും (61) മകന്‍ ഷെയ്ക് മുഹമ്മദ് റിയാസിനേയും (38) മരട് പൊലിസിന്‍െ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
സിംഗപ്പൂരില്‍ നിന്നും മരട് പേട്ടയിലെ വെയര്‍ ഹൗസിങ് കോര്‍പറേഷനില്‍ കൊണ്ട് വന്ന ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ കൊല്‍ക്കത്തയില്‍ എത്തി ക്കാന്‍ ബീഹാര്‍ സ്വദേശി മനോജ് കുമാര്‍ എന്നയാളുടെ മട്ടാഞ്ചേരിയിലുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്.
ഇതിന് മുമ്പ് ഇയാള്‍ക്ക് വേണ്ടി സമാന രീതിയിലുള്ള ട്രിപ്പുകള്‍ കൊണ്ടു പോയി പരിചയമുള്ള മുംമ്പൈ സ്വദേശി മുഹമ്മദ് റഫീക് ഷൈയ്കിനെയാണ് കണ്ടെയ്‌നര്‍ കൊല്‍ക്കത്തയിലെത്തിക്കാന്‍ മനോജ് കുമാര്‍ ഏല്‍പിച്ചത്.
മെയ് ആറിനാണ് റഫീക് സ്വന്തം ലോറിയില്‍ കണ്ടെയ്‌നറുമായി പേട്ടയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ മകന്‍ മനോജ് കുമാറിനെ ഫോണില്‍ വിളിച്ച് വാഹനം അന്ധ്രപ്രദേശില്‍ എത്തിയെന്നും ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനാല്‍ സമീപത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും അറിയിച്ചു. എന്നാല്‍ വിശദ വിവരങ്ങള്‍ അറിയുന്നതിനായി അതേ ഫോണ്‍ നമ്പറില്‍ മനോജ് കുമാര്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
നിശ്ചിത സമയത്ത് ലോഡ് എത്തുകയോ ഡ്രൈവറെ ഫോണില്‍ കിട്ടുകയോ ചെയ്യാതായപ്പോള്‍ ദുരൂഹത തോന്നി മനോജ് കുമാര്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം മരട് പൊലസ് സ്റ്റേഷനിലേക്ക് കൈമാറുകയും കമ്മിഷണറുടെ നിര്‍ദേശമനുസരിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹൈദരാബാദിലേക്ക് അയക്കുകയും ചെയ്തു.
കൊച്ചി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ റാഞ്ചിയില്‍ നിന്നും ലോറി കണ്ടെത്തുകയും ബംഗളൂരുവിലെ തുഗൂരില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 59 ഫോട്ടോസ്റ്റാറ്റ് മെഷീനുകളും പോലീസ് കണ്ടെടുത്തു. എസ്.ഐ സുജാതന്‍ പിള്ള, എ.എസ്.ഐ ദിനേശന്‍, സീനിയര്‍ സി.പി.ഒമാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു, സി.പി.ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."