പൊലിസിന്റെ വെടിയുണ്ടകളുടെ കണക്കെടുപ്പ് ഇന്ന്; കൂട്ടിയും കുറച്ചും തലപുകഞ്ഞ് പൊലിസ്
തിരുവനന്തപുരം: തോക്കുകളുടെ കണക്ക് എടുത്തതിനു പിന്നാലെ ഇന്ന് എസ്.എ.പി ക്യാംപില്‍ പൊലിസിന്റെ കൈവശമുള്ള വെടിയുണ്ടകളുടെ കണക്കെടുക്കും. പൊലിസ് ചീഫ് സ്റ്റോറില്‍ നിന്നു എസ്.എ.പിയിലേക്ക് ഇതുവരെ നല്‍കിയിട്ടുള്ള വെടിയുണ്ടകളുടെ കണക്കുകള്‍ ശേഖരിച്ച് കൈവശമുള്ളതും പരിശീലനത്തിനായും മറ്റും പയോഗിച്ചതുമായ ഉണ്ടകളുടെ എണ്ണവുമായി ഒത്തുനോക്കാനാണ് തീരുമാനം. ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി ക്യാംപിലെത്തി കണക്കെടുപ്പിന് നേതൃത്വം നല്‍കും. അതേസമയം വെടിയുണ്ടകളുടെ കണക്കുകളിലെ ഏറ്റക്കുറച്ചില്‍ പരമാവധി കുറക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് സ്റ്റോര്‍ കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടന്നുവെങ്കിലും വിജയിച്ചില്ലെന്നാണ് വിവരം.
തൂക്കിവിറ്റതും ഉരുക്കിയെടുത്തതുമായ കെയ്‌സുകളും ഉണ്ടയുടെ എണ്ണത്തിലെ വൈരുദ്ധ്യവും പരിഹരിക്കാന്‍ ഇന്നലെ രാത്രിയും ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലായിരുന്നു. ക്യാംപിലേക്ക് വെടിയുണ്ടകളും മറ്റും കൈമാറുന്ന പൊലിസ് ചീഫ് സ്റ്റോറിലെ കണക്കുകളും വെടിയുണ്ടകളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുണ്ടാകാതിരിക്കാന്‍ കണക്കുകള്‍ ശരിയാക്കാനുളള നീക്കങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു.
പ്രത്യേകം ജീവനക്കാരെ ഇതിനായി തന്നെ നിയോഗിച്ചിരുന്നുവെന്നും വിവരമുണ്ട്. എന്നാല്‍ കണക്കുകളിലുള്ള വലിയ ഏറ്റക്കുറച്ചില്‍ പൂര്‍ണമായും പരിഹരിക്കാനായിട്ടില്ലെന്നാണ് വിവരം. നേരത്തേ തോക്കുകളുടെ എണ്ണം എടുക്കാന്‍ ക്രൈംബ്രാഞ്ച് എത്തിയപ്പോള്‍ രായ്ക്കുരാമാനം തോക്കുകളെല്ലാം ക്യാംപിലെത്തിച്ച്് പൊലിസ് മുഖം രക്ഷിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ എസ്.ഐ റെജി ബാലചന്ദ്രന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പതിനൊന്ന് പൊലിസുകാരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ കേസിലെ മൂന്നാം പ്രതിയാണ്.
കേസ് അന്വേഷണം ഇവരില്‍ മാത്രമായി ഒതുക്കുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലില്‍ ആംഡ് പൊലിസ് ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും ചോദ്യം ചെയ്യാനും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.
1996 ജനുവരി ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 16 വരെയുള്ള കാലയളവില്‍ എസ്.എ.പി ക്യാംപില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാന്റന്റ് സേവ്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഈ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടയ്ക്കാണ് എസ്.എ.പി ക്യാംപില്‍ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ട്് പുറത്തുവന്നത്. തുടര്‍ന്ന് കേസ് വീണ്ടും വിവാദ വിഷയമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."