യുവാവിനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരകൊണ്ട് ആക്രമിച്ചതായി പരാതി
പാറശ്ശാല: യുവാവിനെ കമ്പിപ്പാരകൊണ്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ആറയ്യൂര്‍ ഈന്തിലക്കാല വീട്ടില്‍ ബെന്‍സിഗര്‍ മകന് സുബിന്(25) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച രാത്രി 8.30ന് പൊറ്റയില്‍ക്കട ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. സുബിന് വര്‍ക് ഷോപ്പ് ജീവനക്കാരനാണ്.
സി.പി.എം പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജനെതിരെയാണ് കേസ്. പണി കഴിഞ്ഞ് തിരികെ എത്തിയതിനു ശേഷം പൊറ്റിയില്ക്കടയില് നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഫോണില്‍ സംസാരിച്ചുകൊണ്ട് നില്ക്കുമ്പോള് ഒരു പ്രകോപനവുമില്ലാതെ ഇരുമ്പുകമ്പികൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് സുബിന് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വ്യക്തമായ ചിത്രങ്ങളും പൊലിസില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ പ്രതിയായ അനില്‍രാജ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ടെലഫോണ്‍ പോസ്റ്റുകള്‍ മോഷ്ടിച്ച് മുറിച്ച് കടത്തുന്നത് സുബിന് നേരില്‍ കണ്ടതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും അന്നുമുതല്‍ സുബിനെ എവിടെവച്ചു കണ്ടാലും ചീത്ത വിളിക്കുന്നത് പതിവായിരുന്നുവെന്നും നേരത്തെയും ആക്രമണശ്രമം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് കിടന്ന സുബിനെ നാട്ടുകാരാണ് പാറശാല താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."