ഓര്‍മകളുടെ ഓളപ്പരപ്പിലേക്ക്; ഐ.എന്‍.എസ് വിരാട് ഇന്ന് ഡീക്കമ്മിഷന്‍ ചെയ്യും
കൊച്ചി: അഞ്ചരപതിറ്റാണ്ടിന്റെ അഭിമാനാര്‍ഹമായ സേവനത്തിന് ശേഷം നാവികപടക്കപ്പല്‍ക്കൂട്ടത്തില്‍ നിന്ന് വിടപറയുകയാണ് ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിരാട്. നാവികസേനാ ചരിത്രത്തില്‍ നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായ സ്റ്റീം പ്രൊപ്പല്ലര്‍ ഉപയോഗിക്കുന്ന ലോകത്തെ ഏക വിമാനവാഹിനിക്കപ്പലായ വിരാട് ഇന്ന് ഡീക്കമ്മിഷന്‍ ചെയ്യും.
1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് വിരാട് കമ്മിഷന്‍ ചെയ്യപ്പെട്ടത്. 1984 വരെ റോയല്‍ നാവികസേനയുടെ ഭാഗമായിരുന്ന ഇതിനെ 1987 ലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. അര്‍ജന്റീനക്കെതിരെ ബ്രിട്ടന്‍ നടത്തിയ 1982ലെ ഫോക്ക്‌ലാന്‍ഡ് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പക്കല്‍ എത്തിയശേഷം 1989ലെ ശ്രീലങ്കയിലെ സമാധാന ദൗത്യത്തിലും (ഓപറേഷന്‍ ജൂപ്പിറ്റര്‍), 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ സൈനിക നീക്കങ്ങളെ തടയുന്നതിനായുള്ള ഓപ്പറേഷന്‍ വിജയിലും പങ്കാളിയായി. മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തില്‍ ഇതില്‍ നിന്നും യുദ്ധവിമാനങ്ങള്‍ 22,034 മണിക്കൂര്‍ പറന്നുയര്‍ന്നു.
27 വര്‍ഷം റോയല്‍ ബ്രിട്ടീഷ് നാവികസേനയില്‍ എച്ച്.എം.എസ് ഹെര്‍മിസ് എന്ന പേരിലും 1987 മെയ് 12 മുതല്‍ ഐ.എന്‍.എസ് വിരാട് എന്ന പേരില്‍ ഇന്ത്യന്‍ നാവിക സേനയുടേയും ഭാഗമായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനികപ്പല്‍ ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടി.
ഡീക്കമ്മീഷന്‍ ചെയ്ത ശേഷം വിരാടിനെ ഇന്ത്യയുടെ നാവിക ചരിത്രം പറയുന്ന മ്യൂസിയം ആക്കി മാറ്റുന്ന കാര്യം ആലോചനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."