യു.എസിലെ ഭരണ സ്തംഭനത്തിന് താല്‍ക്കാലിക വിരാമം
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 15 വരെ ട്രംപ് ഫണ്ട് അനുവദിച്ചു
വാഷിങ്ടണ്‍: അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് യു.എസില്‍ ഉണ്ടായ ഭരണസ്തംഭനത്തിന് താല്‍ക്കാലിക വിരാമം. 35 ദിവസത്തെ സ്തംഭനത്തിന് ശേഷമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് മൂന്നാഴ്ചത്തേക്ക് ഫണ്ട് അനുവദിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്.
പ്രതിപക്ഷമായ ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. ഫെബ്രുവരി 15 വരെ സാമ്പത്തിക സഹായം നല്‍കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഈ കാലയളവിനുള്ളില്‍ മതില്‍ നിര്‍മിക്കാനുള്ള പണം അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ട്രംപ് താക്കീത് നല്‍കി. ഭരണ സ്തംഭനം അവസാനിപ്പിക്കുന്നതിനായി യു.എസ് സെനറ്റ്, വൈറ്റ് ഹൗസ് എന്നിവ ട്രംപിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിനെ എതിര്‍ത്ത് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാണ് രംഗത്തെത്തിയത്. പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഫണ്ട് അനുവദിക്കുന്ന ബില്ലിനെ അവര്‍ എതിര്‍ക്കുകയായിരുന്നു. ഭരണ സ്തംഭനത്തെ തുടര്‍ന്ന് എട്ട്‌ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടിവന്നത്.
മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാനായി നിര്‍മിക്കുന്ന മതിലിന് 5.7 ദശലക്ഷം ഡോളര്‍ അനുവദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഡെമോക്രാറ്റുകളും റിപബ്ലിക്ക് പാര്‍ട്ടിയും പരസ്പരം വിശ്വാസത്തോടെ അടുത്ത 21 ദിവസത്തേക്ക് പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ട്രംപ് പറഞ്ഞു.
അതിര്‍ത്തിയില്‍ ശക്തമായ മതിലോ സ്റ്റീല്‍ വേലിയോ നിര്‍മിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. കോണ്‍ഗ്രസില്‍ സുതാര്യമായ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഫെബ്രുവരി 15മുതല്‍ ഫണ്ട് വിതരണം വീണ്ടും നിര്‍ത്തും. അല്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗപ്പെടുത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു.
പ്രതിസന്ധിയുടെ കാലം അസാധാരണമായ രീതിയില്‍ നേരിട്ട സര്‍ക്കാര്‍ ജീവിക്കാരോടും അവരുടെ കുടുംബങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."