മഹാസഖ്യത്തിന് പിന്നില്‍ വ്യക്തിതാല്പര്യങ്ങള്: പ്രധാനമന്ത്രി
ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ കക്ഷികള്‍ രൂപീകരിച്ച മഹാസഖ്യത്തെ വിമര്‍ശിച്ച് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. വിവിധ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സര്‍ക്കാരിനെതിരേ ഒന്നിക്കുന്നതിന് പിന്നില്‍ നേതാക്കളുടെ വ്യക്തിതാല്പര്യങ്ങളാണെന്നാണ് മോദി ആരോപിച്ചത്. വിവിധ അഴിമതികളുമായി ബന്ധപ്പെട്ട് പിടിയിലാകുമോയെന്ന ഭയമാണ് ആ പാര്‍ട്ടി നേതാക്കള്‍ ഐക്യപ്പെടാന്‍ കാരണമെന്നും തമിഴ്നാട്ടിലെ മധുരയില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അത്തരം നേതാക്കളുടെ വ്യക്തിതാല്പര്യങ്ങളില് ജനങ്ങള്‍ വീഴരുതെന്നു ആവശ്യപ്പെട്ട അദ്ദേഹം, വിവിധ കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേന്ദ്ര സര്‍ക്കാര്‍ അമിതമായി ഇടപെടുന്നെന്ന ആരോപണങ്ങളോട് പ്രതികരിച്ചില്ല. സര്‍ക്കാരിനെതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ 23 പാര്‍ട്ടികള്‍ പങ്കെടുത്ത വന്‍ റാലി നടന്നിരുന്നു. റാലിയിലെ ജനപങ്കാളിത്തം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇതോടെയാണ് പ്രതിപക്ഷ കൂട്ടായ്മയ്ക്കെതിരേ ശക്തമായ ആരോപണങ്ങളും പരിഹാസങ്ങളുമായി പാര്‍ട്ടിയും പ്രധാനമന്ത്രിയും രംഗത്തെത്തിയത്.
അവരുടെയൊക്കെ അഴിമതികള്‍ ഈ വാച്ച്മാന് പുറത്തുകൊണ്ടുവരുമെന്നതിനാലാണ് അവര്‍ തനിക്കും സര്‍ക്കാരിനുമെതിരേ ഐക്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു. കാവല്ക്കാരന് കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെക്കൂടി പരിഹസിച്ചായിരുന്നു മോദിയുടെ ഈ പ്രയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."