സംസ്ഥാനത്ത് തിരിച്ചടിയെന്ന് കോണ്‍ഗ്രസിന്റെ ആഭ്യന്തര സര്‍വേ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന്റെ അനൗദ്യോഗിക വിലയിരുത്തല്‍. ആസന്നമായ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് പ്രീ കാംപെയിന്‍ അസസ്‌മെന്റ് എന്നപേരില്‍ കോണ്‍ഗ്രസ് ആഭ്യന്തര സര്‍വേ അനൗദ്യോഗികമായി നടത്തിയത്.
കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റുകളില്‍ പലതും നഷ്ടമാകുമെന്നും എന്നാല്‍ ലഭ്യമാകുന്ന സീറ്റുകളെ കുറിച്ച് കൃത്യമായ ഉറപ്പൊന്നുമില്ലെന്നുമാണ് സര്‍വേയില്‍ പറയുന്നത്. 16 ലോക്‌സഭ മണ്ഡലങ്ങളിലെ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കിയത് എന്നു പറയുന്നു.
രണ്ട് സീറ്റില്‍ മാത്രമാണ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു. ആറ്റിങ്ങല്‍, ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നാണ് നിരീക്ഷണം. ഒന്‍പതിടങ്ങളില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും സര്‍വേയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏതുവിധേനയും പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. തുടര്‍ച്ചയായി തോല്‍വി നേരിടുന്ന ആലത്തൂരില്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയനെ നിര്‍ത്തുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇതേ തരത്തില്‍തന്നെ പാലക്കാട്ട് ഷാഫി പറമ്പിലിനെ കളത്തിലിറക്കുന്നകാര്യത്തിലും അന്തിമ ചര്‍ച്ചകളാണ് നടക്കുന്നത്.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളില്‍ പോലും രണ്ടും കല്‍പ്പിച്ചുള്ള മത്സരത്തിനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞതവണ തോറ്റ എട്ടുസീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന തൃശൂരും ചാലക്കുടിയും ഇടുക്കിയും കണ്ണൂരും നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും കരുത്തന്‍മാരെ മത്സരത്തിനിറക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. അതാണ് മത്സരിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷവും തൃശൂര്‍ സീറ്റിലേക്ക് വി.എം സുധീരന്റെ പേര് പരാമര്‍ശിക്കപ്പെടുന്നത്.
ഫെബ്രുവരി അവസാനത്തോടെ സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിന് നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനു മുന്‍പ് ഗ്രൂപ്പ് തര്‍ക്കങ്ങളില്ലാതെ ഒരു പട്ടികക്ക് രൂപം നല്‍കുകയെന്ന കടുത്ത ലക്ഷ്യമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."