ഓച്ചിറക്കളിക്ക് പരിസമാപ്തി: ഇന്ന് കന്നുകാലി പ്രദര്‍ശനമേള
കരുനാഗപ്പള്ളി: ഒരു മാസം നീണ്ടുനിന്ന വ്രതശുദ്ധിയോടെ കളിയാശാന്മാരുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ സംഘാങ്ങങ്ങള്‍ ഓച്ചിറ പടനിലത്ത് രണ്ടു ദിവസമായി നടത്തിവന്ന ഓച്ചിറകളി സമാപിച്ചു.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നും 150 ഓളം വരുന്ന കളിസംഘങ്ങളാണ് ആശാന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ഓച്ചിറക്കളി നടത്തിയത്. എട്ടുകണ്ടത്തില്‍ ക്ഷേത്ര ഭരണസമിതിയംഗങ്ങളും കരനായകന്മാരും ഇറങ്ങി ഇരു ചേരികളും ഹസ്തദാനം നടത്തിയതോടെയാണ് ഓച്ചിറ കളി ആരംഭിച്ചത്. ഓച്ചിറക്കളിയുടെ രണ്ടാം ദിവസമായ ഇന്നലെ കളിയാശാന്മാര്‍ക്കു മാത്രം ഭരണ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പണക്കിഴി നല്‍കി ആശാന്‍മാരെ യാത്രയാക്കുകയും ചെയ്തു. മൂന്നാംദിവസമായ ഇന്ന് പടനിലത്ത് കന്ന് കാലി മേളയും അരങ്ങേറും. ദൂരെദിക്കില്‍ നിന്നുവരെ കന്നുകാലികളെ വില്‍ക്കാനും വാങ്ങാനുമായി നിരവധി പേരാണ് ഓച്ചിറ പടനിലത്തേക്ക് എത്തുന്നത്. കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ, ആലപ്പാട്, തൊടിയൂര്‍, തഴവ എന്നീ പഞ്ചായത്തുകളില്‍ നിന്നുമാണ് കൂടുതല്‍ പടയാളികള്‍ ഓച്ചിറ കളിക്കായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."