ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കില്ല
തിരുവനന്തപുരം: കൊടിഞ്ഞിയില്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ പുല്ലാണി ഫൈസലി(30)ന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഫൈസലിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യത്തിനും മുഖ്യമന്ത്രി അനുകൂല മറുപടി നല്‍കിയില്ല.ഫൈസല്‍ കൊലചെയ്യപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അദ്ദേഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ലെന്ന് അബ്ദുറബ്ബ് സഭയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയെങ്കിലും സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ഫൈസലിന്റെ കുടുംബത്തിന് ധനസഹായവും, ഭാര്യക്ക് ജോലിയും നല്‍കണം. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം തന്നെ നിരവധി പേര്‍ക്ക് ധനസഹായങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും അബ്ബുറബ്ബ് ചൂണ്ടിക്കാട്ടി. സംഭവം നടന്ന് ഇരുപത് ദിവസത്തിനകം പതിനൊന്ന് പേര്‍ പിടിക്കപ്പെട്ടെങ്കിലും പിന്നീട് കേസ് ഇഴഞ്ഞു നീങ്ങി.
ആര്‍.എസ്.എസ് ഡമ്മികളെ വച്ച് കേസ് അവസാനിപ്പിക്കാനുമുള്ള പൊലിസ് ശ്രമമുണ്ടായപ്പോള്‍ റോഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയതിനെതുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ബാക്കിയുള്ള പ്രതികളെ പിടിക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചു.
എന്നാല്‍, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളായ മഠത്തില്‍ നാരായണന്‍, കോട്ടശ്ശേരി ജയകുമാര്‍, ബിബിന്‍ എന്നിവരെ രണ്ട് മാസത്തിലധികം ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘം മടിക്കുകയാണെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ പിടികൂടണം. ഒളിവില്‍ കഴിഞ്ഞ പ്രദേശവും സ്ഥാപനവും റെയ്ഡ് നടത്തണം.
കൊടിഞ്ഞി ഗ്രാമത്തില്‍ വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണ് നടന്നത്. ജില്ലാ പ്രോസിക്യൂട്ടര്‍ കേസ് ശരിയായ വിധം കോടതിയില്‍ വാദിക്കാത്തത് കൊണ്ടാണ് കേസില്‍ പിടിയിലായ പതിനാറ് പേരില്‍ 11 പേര്‍ക്ക് മഞ്ചേരി ജില്ലാ കോടതി ജാമ്യംഅനുവദിച്ചത്. ഇവരുടെ ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇതുവരെ ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.
എന്നാല്‍, ഫൈസലിന്റെ മാതാവ് ജമീല നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ട സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സി.കെ ശ്രീധരനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സബ്മിഷനില്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."