HOME
DETAILS
MAL
വിദേശ കമ്പനികളുടെ വിമാനങ്ങളും കാര്‍ഗോയുമില്ല, വരുമാനം ഉയര്‍ത്താനാവാതെ കണ്ണൂര്‍ വിമാനത്താവളം
backup
March 03 2020 | 04:03 AM
കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാന സര്‍വിസിന് അനുമതി ലഭിക്കാത്തതും കാര്‍ഗോ കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതും കാരണം നിലവിലെ വരുമാനം ഉയര്‍ത്താന്‍ കഴിയാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. 2018 ഡിസംബര്‍ ഒന്‍പതിനു പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളത്തില്‍ വിദേശ കമ്പനികളുടെ വിമാന സര്‍വിസിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
ചരക്കു കയറ്റുമതിക്കുള്ള കാര്‍ഗോ കോംപ്ലക്‌സ് വിമാനത്താവളത്തിന്റെ ഒന്നാംവാര്‍ഷികമായ കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നു കിയാല്‍ അറിയിച്ചെങ്കിലും ഇതുവരെ തുറന്നിട്ടില്ല. വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് സര്‍വിസ് നടത്തുന്ന വിദേശക്കമ്പനികള്‍ എത്തിയാലേ കണ്ണൂരില്‍ നിന്നു ചരക്കു ഗതാഗതം സുഗമമാകൂ. വടക്കെ മലബാറിലെയും വയനാട്ടിലെയും പഴം, പച്ചക്കറികളും മത്സ്യ ഉല്‍പന്നങ്ങളും ഗള്‍ഫിലേക്കു കയറ്റിയയയ്ക്കണമെങ്കില്‍ വിദേശ വിമാനങ്ങളുടെ സര്‍വിസ് തുടങ്ങണം. യൂറോപ്പിലേക്കു പുഷ്പങ്ങളും കണ്ണൂരില്‍ നിന്നു കയറ്റിയയയ്ക്കാന്‍ പദ്ധതിയുണ്ട്. വിദേശ വിമാനക്കമ്പനികളും കാര്‍ഗോ കോംപ്ലക്‌സും പ്രവര്‍ത്തനം തുടങ്ങുന്നതോടെ വിമാനത്താവളത്തിന്റെ വരുമാനവും വര്‍ധിപ്പിക്കാനാവും. ഇന്ത്യയില്‍ വൈഡ് ബോഡി വിമാനങ്ങളുള്ള എയര്‍ ഇന്ത്യയ്ക്കു കണ്ണൂരില്‍ നിന്ന് രാജ്യാന്തര സര്‍വിസില്ല. മറ്റൊരു വിമാനക്കമ്പനിയായ വിസ്താര ഇവിടെ നിന്നു സര്‍വിസ് നടത്തുന്നില്ല. നിലവില്‍ വിമാനത്താവളത്തിലെ വരവും ചെലവും ഒത്തുപോകുന്നില്ല. കൂടുതല്‍ വിദേശ വിമാന സര്‍വിസുകളും ചരക്കു ഗതാഗതത്തിനു പുറമെ മറ്റു വരുമാന മാര്‍ഗങ്ങളും കണ്ടെത്തിയാലേ നഷ്ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ എന്ന് ജീവനക്കാര്‍ തന്നെ രഹസ്യമായി ചൂണ്ടിക്കാട്ടുന്നു.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുമ്പും ശേഷവും വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിരവധി തവണ കിയാല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ വിമാനത്താവളങ്ങളില്‍ വിദേശക്കമ്പനികളുടെ സര്‍വിസിന് ഇപ്പോള്‍ നിയന്ത്രണം ആവശ്യമാണെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിലപാട്. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി ലഭിക്കുമെങ്കില്‍ വലിയ വിമാനമായ ബോയിങ് 777 കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ എമിറേറ്റ്‌സ് നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഖത്തര്‍ എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, സഊദി എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളും കണ്ണൂരില്‍ നിന്ന് സര്‍വിസിന് ഒരുക്കമാണ്. നിലവില്‍ ലാഭകരമല്ലാത്ത മറ്റു റൂട്ടുകളിലെ സര്‍വിസ് വിദേശക്കമ്പനികള്‍ കണ്ണൂരിലേക്കു മാറ്റാന്‍ തയാറാണെങ്കിലും കേന്ദ്രാനുമതി ഇല്ലാത്തതാണു തടസം. വിദേശ വിമാനക്കമ്പനികളുടെ അനുമതി നേടിയെടുക്കാന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയെ പങ്കെടുപ്പിച്ച് മാര്‍ച്ച് 21നു വിമാനത്താവളത്തില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് യോഗം വിളിച്ചിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ഗോ കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നീക്കം. കാര്‍ഗോ കോംപ്ലക്‌സില്‍ എത്ര ടണ്‍ ചരക്ക് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കാര്‍ഗോ കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ കസ്റ്റംസ് വിജ്ഞാപനവും ഇറക്കേണ്ടതുണ്ട്. ഇതിനുശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരെയും നിയമിക്കണം. ഇക്കാര്യങ്ങളെല്ലാം വൈകുകയാണ്. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പ് ചുമതല എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡിനെ (എ.ഐ.ടി.എസ്.എല്‍) നേരത്തെ ഏല്‍പിച്ചിരുന്നു. ഇതിനു പകരമായി വിമാനത്താവളത്തിനു ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങളിലുള്ളവര്‍ക്കു ജോലി നല്‍കണമെന്നായിരുന്നു ധാരണ. എന്നാല്‍ കാര്‍ഗോ നടത്തിപ്പുകാരെ കണ്ടെത്താന്‍ കിയാല്‍ ടെന്‍ഡര്‍ വിളിച്ചതിനെ തുടര്‍ന്ന് എ.ഐ.ടി.എസ്.എല്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കാര്‍ഗോ കോംപ്ലക്‌സിന്റെ സാങ്കേതിക തടസം നീക്കിയാല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാന്‍ ഹൈക്കോടതിയിലെ കേസ് തീര്‍പ്പാകേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."