വിദേശ സൈന്യം അഫ്ഗാനില്‍നിന്ന് പിന്മാറുമെന്ന് അഷ്‌റഫ് ഗനി
കാബൂള്‍: മുഴുവന്‍ വിദേശ സൈനികരും രാജ്യത്തുനിന്ന് പിന്മാറുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. അന്താരഷ്ട്ര ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്കായി താലിബാന്‍ ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു വിദേശ സൈന്യത്തിന്റെ പിന്മാറ്റം.
വിദേശ സൈന്യം അഫ്ഗാനില്‍ ദീര്‍ഘകാലമായി തങ്ങുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ വിദേശ സൈന്യം രാജ്യത്ത് തങ്ങുന്നത് ആവശ്യമനുസരിച്ചാണ്. ഇതില്‍ പുനരാലോചന നടത്തേണ്ടിയിരിക്കുന്നു. കൃത്യമായ കരാറനുസരിച്ച് മുഴുവന്‍ വിദേശ സൈനികരും രാജ്യത്തുനിന്ന് പിന്മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ താലിബാനുമായി ഖത്തറില്‍ നടത്തിയ ചര്‍ച്ചയില്‍ അഫ്ഗാനില്‍ സമാധാനം പുന:സ്ഥാപനത്തിനുള്ള കരട് രേഖയില്‍ ധാരണയായെന്ന് യു.എസ് പ്രതിനിധി സാല്‍മെ ഖലീല്‍സാദ് പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 വര്‍ഷമായി അഫ്ഗാനില്‍ നടക്കുന്ന സംഘര്‍ഷത്തിന് അറുതിവരുത്താനായി താലിബാനുമായി ഖലീല്‍സാദ് ആറു ദിവസത്തെ ചര്‍ച്ചയാണ് നടത്തിയത്.
യു.എസ് സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ അല്‍ ഖാഇദ പോലെയുള്ള തീവ്രവാദികള്‍ക്ക് രാജ്യത്ത് അഭയം നല്‍കില്ലെന്ന് താലിബാന്‍ സമ്മതിച്ചെന്ന് ഖലീല്‍സാദ് പറഞ്ഞു. കരട് രേഖയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ താലിബാന്റെ മേല്‍ യു.എസ് ഭരണകൂടം നേരത്തെ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം തള്ളി യു.എസുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
വിദേശ സൈന്യം രാജ്യത്തുനിന്ന് പിന്‍വാങ്ങിയാല്‍ മാത്രമേ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയുള്ളൂവെന്നാണ് താലിബാന്റെ വാദം. അഫ്ഗാനില്‍ നിന്നുള്ള യു.എസ് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താലിബാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.
2001 മുതല്‍ അഫ്ഗാനില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 2009 മുതല്‍ ഓരോ വര്‍ഷവും 6000 -11000 സിവിലിയന്മാര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."