HOME
DETAILS
MAL
കൊവിഡ് 19: രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തു കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം
backup
March 04 2020 | 01:03 AM
തിരുവനന്തപുരം: കൊവിഡ് 19 ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റു രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി മന്ത്രി കെ.കെ ശൈലജ. ജനങ്ങള്‍ ജാഗ്രതയോടെയിരിക്കുന്നതിന് ബോധവല്‍കരണം ശക്തമാക്കും. നിരവധി ലോകരാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ മൂന്നു ഷിഫ്റ്റായി പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
നേരിട്ടു ബന്ധമുള്ളവരെ കൂടുതല്‍ നിരീക്ഷണത്തില്‍ വയ്ക്കും. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ അതുപോലെ തന്നെ നിലനിര്‍ത്തും. ജീവനക്കാരെയും സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ നന്നായി ഇടപെടാന്‍ ആരോഗ്യ വകുപ്പിനു കഴിഞ്ഞു. മരണമുണ്ടാകാതെ കൂടുതല്‍ ആളുകളിലേക്ക് പകരാതെ നോക്കാനും സാധിച്ചു.
പോസീറ്റീവായവരുടെ വീട്ടിലെ 14 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞു. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തിലുമാണ് ജാഗ്രത ശക്തമാക്കുന്നത്. നിരീക്ഷണം ശക്തമായി തുടരണമെന്നാണ് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. അതില്‍ കൊറോണ നിയന്ത്രണത്തില്‍ കേരളത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കേന്ദ്രം പ്രശംസിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ പല സംസ്ഥാനങ്ങള്‍ മുന്നോട്ടുവരികയും ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ല. ഹൈ റിസ്‌കില്‍ വരുന്ന ആളുകളെ മാത്രമേ മാറ്റിനിര്‍ത്തേണ്ടതുള്ളൂ.
വിവിധ ജില്ലകളിലായി 411 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 388 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 12 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്നലെ ഒഴിവാക്കി. 130 പേരെപുതുതായി നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. സംശയാസ്പദമായവരുടെ 520 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 494 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇതുവരെ 4,379 പേരെ നിരീക്ഷണത്തിലാക്കി. അതില്‍ 3,968 പേരെയും ഒഴിവാക്കി. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്കു വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ആരോഗ്യ വകുപ്പ് അഡീ. ഡയരക്ടര്‍മാരായ ഡോ. രാജു, ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍, സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ഡയരക്ടര്‍ ഡോ. പി.എസ് ഇന്ദു എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."