HOME
DETAILS
MAL
കരിപ്പൂരിൽ നിന്നും ലോ ഫ്ലോർ ബസ് വേണമെന്ന ആവശ്യം ശക്തമാവുന്നു
backup
March 04 2020 | 12:03 PM
ജിദ്ദ: മലബാറിലെ പ്രവാസികളിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലോ ഫ്ലോർ എ.സി. ബസ് വേണമെന്ന ആവശ്യം ശക്തമാവുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ലോ ഫ്ലോർ ബസ് സർവീസ് ഉണ്ട്. എന്നാൽ നിലവിൽ മലബാറിലെ പ്രധാന വിമാനത്താവളമായ കരിപ്പൂരിലേക്ക് ലോ ഫ്ലോർ ബസ് ഇല്ല. അടുത്തിടെയായി സഊദി എയർലൈൻസ്, എയർ ഇന്ത്യ ജംബോ വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രവാസികൾക്ക് പുറമെ മലബാറിലെ ഹജ്ജ്, ഉംറ തീർത്ഥാടകരും ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്.
കരിപ്പൂരിൽ വന്നിറങ്ങുന്ന പ്രവാസികൾ അവരവരുടെ നാടുകളിലെത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഉയർന്ന നിരക്കിൽ വാടക നൽകി ടാക്സി വാഹനങ്ങളെയാണ്. ഇത് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരായ നല്ലൊരു വിഭാഗം പ്രവാസികൾക്കും കനത്ത തിരിച്ചടിയാണ്. സഊദി അറേബ്യ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിലെ ജീവിതച്ചെലവ് ഗണ്യമായി വർധിച്ചത് പ്രവാസികളുടെ സമ്പാദ്യത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കരിപ്പൂരിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ലോ ഫ്ലോർ ബസ് സർവീസ് അത്യാവശ്യമാണ്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ ഉത്തര മലബാറിലെ പ്രവാസികളും ഉംറ തീർത്ഥാടകരും കരിപ്പൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ ജംബോ, സഊദി എയർലൈൻസ് എന്നിവയുടെ സമയത്തിനനുസരിച്ച് കരിപ്പൂരിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിലേക്ക് ലോ ഫ്ലോർ എ.സി. ബസ് ആരംഭിച്ചാൽ പ്രവാസികൾക്ക് അത് വലിയൊരു അനുഗ്രമാവും. ബന്ധപ്പെട്ട ജന പ്രതിനിധികളും രാഷ്ട്രീയ - സാമൂഹ്യ സംഘടനകളും ഇക്കാര്യത്തിന് വേണ്ടി പരിശ്രമിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."