കുവൈത്തിലേക്ക് ടിക്കറ്റെടുത്തവര്‍ ആശങ്കയില്‍
കണ്ണൂര്‍: ഈമാസം എട്ടുമുതല്‍ കൊവിഡ് -19 രോഗബാധയില്ലെന്ന പരിശോധനാ ഫലവുമായി വരുന്നവരെ മാത്രമേ കുവൈത്തില്‍ പ്രവേശിപ്പിക്കൂവെന്നു കുവൈത്ത് സര്‍ക്കാര്‍. കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണു ചൊവ്വാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇന്ത്യ ഉള്‍പ്പെടെ പത്തു രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരാണു കൊവിഡ് രോഗബാധയില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്. ഇന്ത്യയ്ക്കു പുറമെ ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലബനാന്‍ എന്നീ രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരാണു പരിശോധനാ ഫലം ഹാജരാക്കേണ്ടത്. പരിശോധനാ ഫലം ഇല്ലാത്തവരെ എത്തുന്ന വിമാനത്തില്‍ തന്നെ തിരിച്ചയക്കുമെന്നും സര്‍ക്കാരിനു നഷ്ടമുണ്ടായാല്‍ വിമാനക്കമ്പനികളില്‍ നിന്നു പിഴയീടാക്കുമെന്നും കുവൈത്ത് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
കുവൈത്ത് എംബസിയുടെ അനുമതിയുള്ള പ്രീ മെഡിക്കല്‍ പരിശോധനാ സെന്ററുകളില്‍ പരിശോധന നടത്താമെന്നു മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലടക്കമുള്ള സെന്ററുകളില്‍ കൊവിഡ് പരിശോധനയ്ക്കു സൗകര്യമില്ല.
കേരളത്തില്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണു നിലവില്‍ രോഗപരിശോധനാ സൗകര്യം. കുവൈത്ത് മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ എട്ടിനു ശേഷം കേരളത്തില്‍നിന്നടക്കം കുവൈത്തിലേക്കു മുന്‍കൂട്ടി ടിക്കറ്റ് എടുത്ത യാത്രക്കാരെ ആശങ്കയിലാക്കി.
അവധിക്കു നാട്ടിലെത്തി മടങ്ങാന്‍ എട്ടിനുശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലായി. നിര്‍ദേശം പ്രാബല്യത്തില്‍ വരുന്ന എട്ടിനു മുമ്പ് യാത്രചെയ്യാന്‍ കൂട്ടത്തോടെ ടിക്കറ്റ് മാറ്റി ബുക്കു ചെയ്തതോടെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായെന്നും ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഡയറക്ടര്‍ കെ.വി സക്കരിയ പറഞ്ഞു.
സര്‍ക്കുലറിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് കുവൈത്ത് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍നിന്നു മാത്രം ദിനംപ്രതി കുവൈത്തിലേക്ക് ആയിരത്തോളം യാത്രക്കാരുണ്ട്.
ഇന്ത്യയില്‍ സംശയമുള്ളവര്‍ക്കു മാത്രമാണു കൊവിഡ് രോഗബാധാ പരിശോധന നടത്തുന്നത്. ചെലവേറിയതിനാലാണു സംശയമുള്ളവരെ മാത്രം സര്‍ക്കാര്‍ സൗജന്യമായി പരിശോധനയ്ക്കു വിധേയമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."