താല്‍ച്ചര്‍- കോളാര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ തകരാറിലായികേന്ദ്ര വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവ്
തൊടുപുഴ: കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന താല്‍ച്ചര്‍- കോളാര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവ്.
ഇതേത്തുടര്‍ന്ന് ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്താന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമായി. എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കാനിരിക്കെ വൈദ്യുതിയില്‍ ഉണ്ടായ കുറവ് കെ.എസ്.ഇ.ബിക്ക് കനത്ത വെല്ലുവിളിയായി. പരീക്ഷാക്കാലമായതിനാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും കഴിയില്ല. പരീക്ഷകള്‍ തുടങ്ങിയാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരും.
രാജ്യത്തെ ഏറ്റവും വലിയ താപവൈദ്യുതി നിലയമാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഒഡിഷയിലെ താല്‍ച്ചര്‍ പവര്‍ പ്ലാന്റ്. ഇവിടെ നിന്നുള്ള പ്രധാന ട്രാന്‍സ്മിഷന്‍ ലൈനാണ് തകരാറിലായത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെയും തെക്കന്‍ മേഖലയെയും ബന്ധിപ്പിക്കുന്ന പ്രസരണ ലൈനാണിത്. ഒഡിഷയില്‍ നിന്ന് ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് വഴിയാണ് ലൈന്‍ കേരളത്തിലെത്തുന്നത്. തകരാര്‍ പരിഹരിക്കാന്‍ അടുത്ത 11 വരെയാണ് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ സമയം അനുവദിച്ചിരിക്കുന്നത്.
അതിനിടെ, മലപ്പുറം ജില്ലയിലെ അരീക്കോട് 400 കെ.വി സബ് സ്റ്റേഷനില്‍ 315 മെഗാവാട്ട് ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രവൃത്തികള്‍ ഇന്നലെ പൂര്‍ത്തിയായി.
ഇതിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും പാലക്കാട്ടെ ഷൊര്‍ണൂര്‍ മേഖലയിലും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. താള്‍ച്ചര്‍ - കോളാര്‍ ലൈനിലെ തകരാര്‍ പരിഹരിച്ചാല്‍ മാത്രമേ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ പ്രയോജനപ്പെടുത്താനാകൂ. 60 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി കൊണ്ടുവരാനുള്ള ശേഷിയാണ് നിലവിലുണ്ടായിരുന്നത്.
അതേസമയം, ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഇടമലയാര്‍ പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് മാത്രമാണ് മഴ ലഭിച്ചത്. 2.159 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ 10 അണക്കെട്ടുകളിലുമായി ഒഴുകിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."