ചികിത്സാ പിഴവ്; കാല്‍മുട്ടില്‍ മരക്കൊമ്പ് കയറിയ പതിമൂന്നുകാരന്‍ വേദന അനുഭവിച്ചത് രണ്ടാഴ്ച
എരുമപ്പെട്ടി: എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ പതിമൂന്നുകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും എരുമപ്പെട്ടി ടെലിഫോണ്‍ എക്‌സേഞ്ചിന് സമീപം തറയില്‍ വീട്ടില്‍ സലീം സബീന ദമ്പതികളുടെ മകനുമായ ഹാഷിമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിച്ച ചികിത്സാ പിഴവില്‍ ദിവസങ്ങളോളം ദുരിതം അനുഭവിച്ചത്.
കഴിഞ്ഞ ജനുവരി എട്ടിന് കളിസ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ കാല്‍മുട്ടില്‍ മരക്കൊമ്പ് കയറിയതിനെ തുടര്‍ന്നാണ് ഹാഷിമിനെ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കാല്‍മുട്ടില്‍ തറച്ച് കയറിയ മരക്കമ്പ് പൂര്‍ണമായും നീക്കം ചെയ്യാതെ ഭാഗികമായി മാത്രം നീക്കി ഹാഷിമിനെ ഡോക്ടര്‍ വീട്ടിലേക്കയക്കുകയാണുണ്ടായത്. വീട്ടിലെത്തിയ ഹാഷിമിന് കടുത്ത പനിയും കാലില്‍ നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സിച്ച ഡോക്ടര്‍ക്ക് കുഴപ്പമാന്നും കണ്ടെത്താനായില്ല.
കാല്‍മുട്ടില്‍ പഴുപ്പും, പനിയും കൂടിയതിന് തുടര്‍ന്ന് ജനുവരി 16ന് മരത്തംകോട് അല്‍ അമീന്‍ ആശുപത്രിയില്‍ ചികിത്സത്തേടിയെങ്കിലും കുഴപ്പമില്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍ മൂന്ന് ദിവസത്തെ മരുന്നിനെഴുതി ഹാഷിമിനെ വീട്ടിലേക്കയച്ചു. കാല്‍ മുട്ടിന് മുകളില്‍ തുടയിലെ മാംസത്തിനുള്ളില്‍ മരകൊമ്പിന്റെ കഷ്ണവുമായി കടുത്ത വേദനയില്‍ കാഴിഞ്ഞ ഹാഷിം ജനുവരി 25ന് പനി മൂര്‍ച്ചിച്ച് ക്ലാസ് റൂമില്‍ ബോധമറ്റ് വീണു. ഗുരുതരാവസ്ഥയിലായ കുട്ടിയെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. കാല്‍മുട്ടില്‍ നിന്നും ശേഷിച്ച മരക്കമ്പ് അന്ന് തന്നെ നീക്കം ചെയ്തു.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് മൂലം രണ്ടാഴ്ച്ചയില്‍ കൂടുതല്‍ ദുരിതമനുഭവിച്ച ഹാഷിം ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."