കെ.എസ്.ആര്‍.ടി.സി മിന്നല്‍സമരം: മറുപടി പറയാന്‍ വകുപ്പുമന്ത്രിയില്ല; മുഖ്യമന്ത്രിയുമില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തലസ്ഥാന നഗരം മണിക്കൂറുകളോളം സ്തംഭിപ്പിക്കുകയും ഒരാളുടെ മരണത്തിന് കാരണമാകുകയും ചെയ്ത കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനെ ചൊല്ലി നിയമസഭയില്‍ ബഹളം.
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടിസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും സഭയില്‍ ഇല്ലാതിരുന്നതു തുടക്കത്തില്‍ തന്നെ പ്രതിഷേധത്തിനു കാരണമായി.
സഭയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പ്രമേയം വരുന്നതിനു മുമ്പായി ഇരിപ്പിടത്തില്‍നിന്നു പുറത്തേക്കു പോയി. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് നല്‍കിയ നോട്ടിസില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറയാന്‍ തുടങ്ങിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. വളരെ ഗുരുതരമായ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഗതാഗത മന്ത്രി സഭയില്‍ ഇല്ലാതിരുന്നതും സഭാ മന്ദിരത്തിലുണ്ടായിട്ടും ചര്‍ച്ചയുടെ സമയമായപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങിപ്പോയതും പ്രതിഷേധാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം പല തവണ ബഹളംവച്ചു നടുത്തളത്തിലിറങ്ങി.
മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതു കൊണ്ടാണ് താന്‍ മറുപടി പറയുന്നതെന്നു മന്ത്രി കടകംപള്ളി പറഞ്ഞു. നോട്ടിസ് നല്‍കാന്‍ ഏറ്റവും പിന്‍നിരക്കാരനായ എം.വിന്‍സന്റിനു പകരം സീനിയര്‍ നേതാക്കളല്ലേ നല്ലതെന്ന കടകംപള്ളിയുടെ ചോദ്യം പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി.
വിന്‍സന്റിനെ ആക്ഷേപിച്ച മന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. ആര് ഉന്നയിക്കുന്നുവെന്നും ആരു മറപടി പറയുന്നുവെന്നതിനേക്കാള്‍ വിഷയത്തിന്റെ ഗൗരവം ചര്‍ച്ചചെയ്യണമെന്ന് സ്പീക്കര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരാഭാസമാണ് നടത്തിയതെന്നും ഇത് സര്‍ക്കാരിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വീഴ്ച പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രമേയത്തിന് അനുമതി സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോകുന്നതിനു മുമ്പായി മുഖ്യമന്ത്രി തിരികെ ഇരിപ്പിടത്തില്‍ എത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."