അലനല്ലൂര്‍ അത്താണിപ്പടിയിലെ കവര്‍ച്ച: ഏഴ് പ്രതികളെ കൂടി പൊലിസ് പിടികൂടി
അലനല്ലൂര്‍: അലനല്ലൂര്‍ അത്താണിപ്പടിയില്‍നിന്നും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മല്ലിയില്‍ അബ്ദുല്‍ റഷീദിനെ ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം കാറിടിപ്പിച്ച് പരുക്കേല്‍പ്പിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും കൈവശമുണ്ടായിരുന്ന പതിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഏഴ് പേര്‍കൂടി പൊലിസിന്റെ പിടിയിലായി.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. കേസിലെ രണ്ടാം പ്രതി കോട്ടയം തെങ്ങണ സ്വദേശി സബിച്ചിത്, മൂന്നാം പ്രതി കോട്ടയം തെങ്ങണ സ്വദേശി സുബീഷ്, നാലാം പ്രതി കോട്ടയം വെങ്കോട്ട സ്വദേശി ജിതിന്‍ ജെയിംസ്, അഞ്ചാം പ്രതി കോട്ടയം പെരുന്ന സ്വദേശി നിബിന്‍ ബാലന്‍, ആറാം പ്രതി ചങ്ങനാശേരി സ്വദേശി കണ്ണന്‍, ഏഴാം പ്രതി കോട്ടയം വേങ്കോട്ട സ്വദേശി ജിതിന്‍ ദേവസ്യ, എട്ടാം പ്രതി ചാലക്കുടി സ്വദേശി നിഷാദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്. രണ്ട്, മൂന്ന്, നാല് പ്രതികളായ സബ്ജിത്ത്, സുബീഷ്, ജിതിന്‍ ജെയിംസ് എന്നിവരെ കോട്ടയം ത്രിപ്പുണിത്താനം പൊലിസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരില്‍ സാബിജിത്ത് കൊടും കുറ്റവാളി ആയതിനാല്‍ കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളാണ്. അഞ്ച്, ആറ്, ഏഴ് പ്രതികളായ നിബിന്‍ ബാലന്‍, കണ്ണന്‍, ജിതിന്‍ ദേവസ്യ എന്നിവരെ കോഴിക്കോട്ട്‌നിന്നും എട്ടാം പ്രതിയായ നിഷാദ്‌നെ കല്‍പറ്റയിലുള്ള ലോഡ്ജില്‍നിന്നും നാട്ടുകല്‍ പൊലിസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ചാലക്കുടി സ്വദേശി നിഷാദിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 22 ക്രിമിനല്‍ കേസും നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
മാത്രമല്ല കോട്ടയം വേങ്കോട്ട സ്വദേശിയായ ജിതിന്‍ ദേവസ്യ ഒഴികെ മറ്റുപ്രതികള്‍ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലിസ് പറഞ്ഞു. പകല്‍ സമയത്ത് സംസ്ഥാന പാതയില്‍ വാഹനം ഇടിച്ചു വീഴ്ത്തി സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു മോഷണം നടത്തിയതാണ് ഇവര്‍ക്ക് മേല്‍ പൊലിസ് ചുമത്തിയ കേസ്.
ഇവരില്‍നിന്നും സര്‍ജിക്കല്‍ ബ്ലൈഡും മുളകുപൊടി സ്‌പ്രേ കുപ്പിയും, മോഷണം നടത്താന്‍ പരസ്പരം വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും രണ്ടു ഇരുചക്ര വാഹനങ്ങളും, രണ്ടു കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സമാനമായ രീതിയില്‍ മണ്ണാര്‍കാട് പണം തട്ടാന്‍ ഇവര്‍ ശ്രമിച്ചതായും ആ ശ്രമം നടന്നില്ലെന്നും പൊലിസ് പറഞ്ഞു. കേസിലെ മുഖ്യ പ്രതി ആര്യമ്പാവ് സ്വദേശി മുഹമ്മദ് നാഫി ഉള്‍പടെ മൂന്ന് പേര്‍ക്കുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയതായി നാട്ടുകല്‍ എസ്.ഐ ജയപ്രസാദ് പറഞ്ഞു. കേസിലെ പ്രതികളെ ഒളിവില്‍ താമസയ്ക്കാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം നാട്ടുകല്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 17ന് മണ്ണാര്‍ക്കാട് വന്‍ കവര്‍ച്ച പ്രതികള്‍ ആസൂത്രണം ചെയ്തിരുന്നതായും പൊലിസ് പറഞ്ഞു. പരസ്പരം വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച്ച സംഭവിച്ചതിനാല്‍ അന്ന് ദൗത്യം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 19ന് ഇരയെ പിന്തുടര്‍ന്ന കാറുകളില്‍ ഒന്നില്‍ വച്ച് കോണ്‍ഫ്രന്‍സ് കാള്‍ വഴി പരസ്പരം നിര്‍ദേശങ്ങള്‍ കൈമാറിയാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ കോളജുകള്‍ക്ക് സമീപം താമസിച്ചാണത്രെ സംഘം തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. വിദ്യാര്‍ഥികളാണെന്ന ധാരണയില്‍ ആരും ശ്രദ്ധിക്കാതിരിക്കാനാണെന്നും പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."