ഒഴിഞ്ഞ വയറുകളേ.. ഇതാ കവ്വായിയുടെ കാരുണ്യം
പയ്യന്നൂര്‍: നഗരത്തിലെത്തി ഒരു നേരത്തെ വിശപ്പടക്കാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി ഒരുകൂട്ടം യുവാക്കള്‍. തെരുവോരത്തും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലായി വിശന്നുവലയുന്നവര്‍ക്കും അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്കും കൂട്ടായ്മയില്‍ ഭക്ഷണമെത്തും. കവ്വായിക്കാരുടെ ഒരു പൊതിച്ചോര്‍ എന്ന പദ്ധതിയിലൂടെയാണ് വിശക്കുന്നവന് അന്നമെത്തിക്കാനുള്ള പ്രവര്‍ത്തനം.
നമ്മുടെ കവ്വായി എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. പിന്നീട് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രദേശത്തെ എല്ലാ വിഭാഗം ആളുകളെയും കാര്യങ്ങള്‍ ബോധിപ്പിച്ചു. ഇപ്പോള്‍ ഈ ദ്വീപ് പ്രദേശം ഒന്നടങ്കം ഉദ്യമത്തില്‍ ഭാഗമായി കഴിഞ്ഞു.
വിവാഹം, സല്‍ക്കാരം തുടങ്ങി ഇവിടെ നടക്കുന്ന ഏത് വിശേഷ ചടങ്ങുകളില്‍ നിന്നും ഒരു പങ്ക് ഈ കൂട്ടായ്മക്കുള്ളതാണ്. അതോടൊപ്പം ആഴ്ചയില്‍ ഒരു ദിവസം കവ്വായിലെ വീടുകളില്‍ നിന്നും അവരുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നും ഒരു ഓഹരി ഇതിനായി മാറ്റിവയ്ക്കുന്നു.
നേരത്തെ വീടുകളിലും മറ്റും നല്‍കിയ പാത്രങ്ങളില്‍ ഭക്ഷണം ഒരുക്കി വച്ചാല്‍ യുവാക്കള്‍ നേരിട്ടെത്തി സ്വീകരിക്കും. പിന്നീട് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കും. ഒട്ടിയ വയറുമായി പയ്യന്നൂരിലും പരിസരങ്ങളിലും ആരുമുണ്ടാകരുതെന്ന മഹത്തായ ലക്ഷ്യത്തിന് കവ്വായി ഗ്രാമം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. പദ്ധതിക്ക് ചിലര്‍ പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പുമായി എത്തുന്നുണ്ട്. ബാക്കി വരുന്ന ഭക്ഷണം വലിച്ചെറിയുകയോ കുഴിച്ചുമൂടുകയോ ചെയ്യരുതെന്ന് കവ്വായി ഗ്രാമം ഓര്‍മപ്പെടുത്തുകയാണ്.
വിശക്കുന്നവന് കവ്വായിയുടെ പൊതിച്ചോറ് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ കവ്വായിലെ പൗരപ്രമുഖന്‍ ഇ.എം.പി മുഹമ്മദലി ഹാജി നിര്‍വഹിച്ചു.
സുല്‍ഫിക്കര്‍ അഞ്ചില്ലത്ത്, റുഖുനുദ്ദീന്‍ കവ്വായി, വൈ.എം.സി ഫൈസല്‍, അഫ്‌സല്‍ വാടിപ്പുറം ഇ അഫീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കവ്വായി വാട്‌സ്ആപ്പ് ഗ്രൂപ്പാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കൂട്ടായ്മയുടെ സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9846876010, 9746998798, 9995379202.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."