ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്രയം; ശിശു പരിചരണകേന്ദ്രം പാലക്കാട്ട് ഒരുങ്ങി
പാലക്കാട് : ഉപേക്ഷിക്കപെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആശ്രയമായി പാലക്കാട് ശിശുപരിചരണകേന്ദ്രം ഒരുങ്ങി. വിക്ടോറിയ കോളജിന് പിറകിലെ വിദ്യുത് നഗറിന് സമീപം ശാസ്താപുരി കോളനിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ശിശുപരിചരണകേന്ദ്രം ജനുവരി 30 രാവിലെ 10ന് എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് തണല്‍-കുട്ടികളുടെ അഭയകേന്ദ്രം- 1517 കാള്‍ സെന്ററും ഉദ്ഘാടനം ചെയ്യും. ജനിച്ചുവീണ കുഞ്ഞുങ്ങള്‍ വഴിയിലുപേക്ഷിക്കപ്പെടുകയും വില്‍പന നടക്കുകയും ചെയ്ത ദുരനുഭവങ്ങളുണ്ടായ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമാവുന്നതാണ് ശിശുക്ഷേമസമിതിയുടെ സംരംഭം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിനോടകം ശിശുപരിചരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. എല്ലാ ജില്ലയിലും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പാലക്കാടും സജ്ജമാക്കിയത്.
ഇനിമുതല്‍ ജില്ലയില്‍ ലഭിക്കുന്ന അഞ്ചുവയസുവരെയുള്ള കുട്ടികളേ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ നിന്നും ജില്ലയില്‍ തന്നെ ദത്ത് നല്‍കാനുമാകും. അഞ്ച് വയസുകഴിഞ്ഞ കുട്ടികളെ പിന്നീട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും.
താല്‍കാലികമായി രണ്ട് നിലകളുള്ള വാടക കെട്ടിടത്തിലാണ് കേന്ദ്രം ആരംഭിക്കുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ശേഷം പുതിയ കെട്ടിടം നിര്‍മിക്കും. മറ്റു ജില്ലകളില്‍ നിന്നുള്ള അഞ്ച് കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ കേന്ദ്രത്തില്‍ എത്തിക്കുക. പിന്നീട് ജില്ലയില്‍ ലഭിക്കുന്ന കുട്ടികളെയും ഇവിടെ വളര്‍ത്തും. നാല് ആയമാര്‍, രണ്ട് നഴ്‌സുമാര്‍, രണ്ട് സുരക്ഷാ ജീവനക്കാര്‍, ഒരു പാചകക്കാരി എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചിട്ടുള്ളത്. ശിശുപരിചരണകേന്ദ്രത്തിലെക്കുള്ള ഉപകരണങ്ങളും സാധനസാമഗ്രികളും ജില്ലയിലെ സുമനസ്സുകള്‍ സംഭവനയായി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."