മുസ്‌ലിം വ്യക്തിനിയമം: പ്രത്യേക സമ്മതപത്രം ആവശ്യമില്ല, ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കി
#സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുതിയ വിശദീകരണ വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിലെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടാണ് വിശദീകരണ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമങ്ങള്‍ ബാധകമാകുന്നതിന് പ്രത്യേകമായ സമ്മതപത്രം ആവശ്യമില്ലെന്ന് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം സംഘടനകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
വ്യവഹാരങ്ങളിലും ഇടപാടുകളിലും ശരീഅത്ത് നിയമങ്ങള്‍ ബാധകമാകുന്നതിന് മുസ്‌ലിംകള്‍ക്കും പ്രത്യേകമായ സമ്മതപത്രം നല്‍കണമെന്നതുള്‍പ്പെടെയുള്ള വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വിജ്ഞാപനം. നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മുസ്‌ലിമെന്ന നിലയില്‍ വ്യക്തിനിയമം ബാധകമായവര്‍ക്കും സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നു. മുസ്‌ലിമാണെന്ന് തെളിയിക്കാന്‍ മഹല്ല് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റും റവന്യൂ വകുപ്പില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം തഹസില്‍ദാര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടിയിരുന്നത്. സത്യവാങ്മൂലവും വ്യവസ്ഥകളും നിര്‍ബന്ധമാക്കുന്ന വിജ്ഞാപനത്തിനെതിരെ മുസ്‌ലിം സംഘടനകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
1937ലെ മുസ്‌ലിം പേഴ്‌സനല്‍ ലോ അപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം, രക്ഷാകര്‍തൃത്വം, വഖഫ്, വസിയ്യത്ത്, ട്രസ്റ്റ്, ട്രസ്റ്റ് വസ്തു വകകള്‍, കാരുണ്യ പ്രവര്‍ത്തനം, സ്ഥാപനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് നിയമമാണ് ബാധകമാകേണ്ടതെന്ന് ആക്ടില്‍ രണ്ടാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ വിജ്ഞാപനത്തിലെ രണ്ടാം വകുപ്പില്‍ പ്രതിപാദിച്ച വിഷയങ്ങളില്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ബാധകമാകുന്നതിന് പ്രത്യേകമായ മറ്റൊരു സമ്മതപത്രം ആവശ്യമില്ലെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ചട്ടങ്ങളിലെ അവ്യക്തത ഒഴിവാക്കാനാണ് വിശദീകരണ വിജ്ഞാപനമിറക്കിയിരിക്കുന്നത്.
നേരത്തെ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് 1937ലെ മുസ്‌ലിം വ്യക്തിനിയമ ആക്ടിന് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 22ന് പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ് മുസ്‌ലിം വ്യക്തിനിയമത്തിന് (ശരീഅത്ത്) ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. ഇതനുസരിച്ച് ശരീഅത്ത് ബാധമാകുന്നതിന് ഓരോ വിശ്വാസിയും മുസ്‌ലിമാണെന്നുള്ള സത്യവാങ്മൂലം രേഖകള്‍ സഹിതം സമര്‍പ്പിക്കുകയും ഒപ്പം മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാന്‍ താത്പര്യപ്പെടുന്നതായ സമ്മതപത്രവും വേണമെന്ന് നിര്‍ദേശിച്ചിരുന്നു. മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് നേരത്തെ സമസ്ത നേതാക്കള്‍ മന്ത്രി കെ.ടി. ജലീലിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."