38 വര്‍ഷങ്ങളായി അവഗണന: കൂട്ട ആത്മഹത്യാ ഭീഷണി ഉയര്‍ത്തി മരിയനാട് തോട്ടംതൊഴിലാളികള്‍
പുല്‍പ്പള്ളി: പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട് കിടക്കുന്ന ഇരുളം മരിയനാട് തോട്ടത്തിലെ തൊഴിലാളികള്‍ പട്ടിണിയില്‍ മനംനൊന്ത് കൂട്ടആത്മഹത്യാ ഭീഷണി ഉയര്‍ത്തി രംഗത്തെത്തി. 38 വര്‍ഷങ്ങളായി അവഗണന മാത്രം നേരിടുന്ന തൊഴിലാളികള്‍ ഇനിയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാത്തപക്ഷം സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ളില്‍ മരണം ഏറ്റുവാങ്ങുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1979ല്‍ വനംവകുപ്പ് ആരംഭിച്ചതാണ് മരിയനാട് കാപ്പിത്തോട്ടം. 139 തൊഴിലാളികള്‍ അന്നുമുതല്‍ അവിടെ ജോലി ചെയ്തിരുന്നു. പ്ലാന്റേഷന്‍ നിയമപ്രകാരമുള്ള കൂലിയോ മറ്റ് ആനുകൂല്ല്യങ്ങളോ നല്‍കാതെയാണ് ഇവരെ ജോലിയെടുപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഏഴ് രൂപ 35 പൈസ കൂലിയായിരുന്നു തൊഴിലാളികള്‍ക്ക് അക്കാലങ്ങളില്‍ വനംവകുപ്പ് നല്‍കിയിരുന്ന ദിവസകൂലി.
തോട്ടത്തിന്റെ നടത്തിപ്പില്‍ വന്‍ അഴിമതികള്‍ നടക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്ത പരമായി നടപടികള്‍ മൂലവും തോട്ടം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
തുടര്‍ന്ന് തോട്ടത്തിന്റെ നേരിട്ടുള്ള നടത്തിപ്പ് വനംവകുപ്പ് അവസാനിപ്പിച്ചു. 2000ല്‍ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനെ തോട്ടത്തിന്റെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ആ വര്‍ഷംതന്നെ തോട്ടത്തിലുണ്ടായിരുന്ന 139 തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കെ.എഫ്.ഡി.സി തോട്ടം പരിപാലിക്കുന്നതിനൊ, തൊഴിലാളികള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊ തയാറായില്ല.
പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവരും തോട്ടം ഉപേക്ഷിച്ചുപോയി. ഇതോടെ തോട്ടവും, തൊഴിലാളികളും ഒരുപോലെ അനാഥമായി. തൊഴിലാളികള്‍ക്ക് പണിയും കൂലിയുമില്ലാതെ പിന്നീട് ഇന്നുവരെ കഴിയേണ്ടിവന്നു.
അനാഥമായി കിടന്ന 233 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ തോട്ടത്തില്‍ 2003ല്‍ 135ഹെക്ടര്‍ ആദിവാസികള്‍ കയ്യേറി കുടില്‍കെട്ടി. പിന്നീട് ഈ ഭൂമി ഇവര്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തു.
അവശേഷിച്ച ഭൂമിയില്‍ തൊഴിലാളികള്‍ കുടില്‍കെട്ടി കൃഷിചെയ്ത് ജീവിക്കുവാന്‍ തുടങ്ങി. 2004ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാരില്‍ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 2004ല്‍ ഈ തോട്ടഭൂമി തൊഴിലാളികള്‍ക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ തീരുമാനവുമെടുത്തിരുന്നു.
എന്നാല്‍ തൊഴിലാളികളില്‍ ആദിവാസികളായ 10 പേര്‍ക്ക് മാത്രമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. മറ്റുള്ള തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിച്ചു.
തങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമിയില്‍ ഒരു കക്കൂസ് നിര്‍മിക്കുന്നതിന് പോലുമുള്ള അനുവാദം അധികൃതര്‍ ഇവര്‍ക്ക് നല്‍കുന്നില്ല. ഈ അവഗണനയില്‍ മനംനൊന്താണ് തങ്ങള്‍ കൂട്ടആത്മഹത്യയിലേക്ക് നീങ്ങുന്നതെന്ന് ഐ.എന്‍.ടി.യു.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂനിയന്‍ പ്രസിഡന്റ് കെ.എല്‍ പൗലോസ്, പി.എം മാധവന്‍, കെ.വൈ തങ്കച്ചന്‍, രാജകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."