വിലക്കയറ്റത്തിനിടയിലും വാഴപ്പഴ വിപണി സജീവം
കോഴിക്കോട്: വിലക്കയറ്റമുണ്ടെങ്കിലും റമദാന്‍ വിപണിയില്‍ വാഴപ്പഴത്തിന് ആവശ്യക്കാര്‍ കൂടുന്നു. നഗരങ്ങളില്‍ 48 രൂപ മുതല്‍ 55 രൂപ വരെയും നാട്ടിന്‍ പുറങ്ങളില്‍ 50 മുതല്‍ 60 വരെയാണ് പൊതുവിപണിയിലെ നേന്ത്രപ്പഴത്തിന്റ വില. മറ്റിനങ്ങളായ മൈസൂര്‍ പഴത്തിന് 40 മുതല്‍ 45 വരെയും റോബസ്റ്റയ്ക്ക് 26 മുതല്‍ 35 വരെയും പൂവന്‍പഴത്തിന് 45 മുതല്‍ 50 വരെയും കദളിക്ക് 45 മുതല്‍ 50 രൂപവരെയുമാണ് ഈടാക്കുന്നത്. കഴിഞ്ഞ നോമ്പുകാലത്തെ അപേക്ഷിച്ച് വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍ മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യാമത്രമായ വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന അഭിപ്രായക്കാരുമുണ്ട്.
കോഴിക്കോട് ടൗണിലേക്ക് വാഴപ്പഴങ്ങള്‍ എത്തുന്നത് എടവണ്ണപ്പാറ, മണാശ്ശേരി, നിലമ്പൂര്‍, മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ നിന്നാണ്. ഇവിടെ നിന്നുള്ള വരവ് കുറഞ്ഞതാണ് വിലവര്‍ധനവിന് പ്രധാന കാരണമെന്ന് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരനായ ഇക്ബാല്‍ പറയുന്നു. റമദാന്‍ ആരംഭിച്ചതിനാല്‍ വയനാടന്‍ വാഴപ്പഴങ്ങള്‍ അവിടെ വച്ചുതന്നെ കച്ചവടം നടത്തി മൊത്തമായി പൊതുവിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു ചെറുകിട കച്ചവടക്കാര്‍ക്ക് റമദാന്‍ വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിച്ചിട്ടില്ല. റമദാന്‍ മാസത്തില്‍ ആണിപ്പൂവനും നേന്ത്രപ്പഴത്തിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍.
പഴംനിറച്ചത് മുതല്‍ പഴംപൊരി വരെ നേന്ത്രപ്പഴങ്ങളുടെ വിഭവങ്ങളാണ് റമദാനിന്റെ പ്രത്യേകത. വാഴപ്പഴത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വിപണി കേരളവും കടന്ന് തമിഴ്‌നാടുവരെയും ചിലപ്പോള്‍ കടക്കാറുണ്ട്. എന്നാല്‍ ഗുണം നോക്കാതെ കിട്ടുന്നതും വാങ്ങി ആവശ്യക്കാര്‍ പോകുന്നതുകൊണ്ടു തന്നെ പലപ്പോഴും വില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. നിലവിലെ വാഴപ്പഴ വില ഒരു മാസത്തോളം തുടരുമെന്നും കച്ചവടക്കാര്‍ പറയുന്നു. റമദാന്‍ മുന്നില്‍ കണ്ട് വാഴപ്പഴങ്ങള്‍ മൊത്തമായി കരിഞ്ചന്തയില്‍ കച്ചവടംനടത്തുന്ന പ്രവണതയും ഇപ്രാവശ്യം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."