പാലത്തിങ്ങല്‍കാട് വിസിബി കം ബ്രിഡ്ജ്: നിര്‍മാണ പ്രവൃത്തി തുടങ്ങി
തേഞ്ഞിപ്പലം: മൂന്നിയൂര്‍-തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യിലക്കടവ് മാതാപ്പുഴ റോഡിലെ പാലത്തിങ്ങല്‍ കാട് ഭാഗത്ത് ചെര്ന്നൂര് ചാലിതോടിന് കുറുകെ വരുന്ന വിസിബി കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തികളാരംഭിച്ചു.നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി തോട്ടില്‍ മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. പുതിയ വിസിബി കം ബ്രിഡ്ജ് വരുന്ന ഭാഗത്തിന് തൊട്ടടുത്തുള്ള പ്രവര്‍ത്തനരഹിതമായി നിലകൊണ്ടിരുന്ന പഴയ തടയണയില്‍ പലകപാകി പുഴയി നിന്നും വെള്ളം കയറുന്നത് തടഞ്ഞു നിര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ നവംബര്‍ മൂന്നിനാണ് വിസിബി കം ബ്രിഡ്ജ് നിര്‍മാണത്തിനായി ശിലപാകിയത്.
ശിലാസ്ഥാപനം കഴിഞ്ഞ് രണ്ടര മാസമായിട്ടും പണിയാരംഭിക്കാതെ പാലം നിര്‍മാണം അനന്തമായി നീളുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രഭാതം കഴിഞ്ഞ ആഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും പാലത്തിന്റെ നിര്‍മാണ പ്രവൃത്തി വേഗത്തിലാരംഭിക്കണമെന്ന് ബന്ധപ്പെട്ടവരെ നിരന്തരം ഉണര്‍ത്തിയിരുന്നു. ഒരു വര്‍ഷത്തിനകം വിസിബി കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനാണ് ടെന്ഡന്.
പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം പണിയുന്നത്. 500 ഏക്കറോളമുള്ള ചെര്ന്നൂര് ചാലിയിലെ കര്‍ഷകരുടെ ഏറെ കാലത്തെ ആവശ്യമാണ് ഈ വിസിബി. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ജില്ലാപഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം വിനിയോഗിച്ച് നേരത്തെ പൂര്‍ത്തീകരിച്ചതാണ്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തേഞ്ഞിപ്പലം - മൂന്നിയൂര്‍ പഞ്ചായത്തുകള്‍ക്ക് വികസനരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാകും. കൂടാതെ പുതിയ വിസിബി സമീപ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും. നിരവധി കുടുംബങ്ങള്‍ക്ക് ശുദ്ധജല ലഭ്യതക്കും ഇതു മുതല്‍ക്കൂട്ടാകും. മൂന്നിയൂര്‍ ചുഴലിയില്‍ നിന്നുമാരംഭിക്കുന്ന തീരദേശ റോഡിന്റെ പൂര്‍ത്തീകരണവും ഇതോടെ നടപ്പാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."