ജയരാജന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് വിജിലന്‍സ്
കൊച്ചി: ബന്ധുനിയമനത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും പൊതുതാല്‍പര്യം മാനിച്ചില്ലെന്നും വ്യക്തമാക്കി വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ മറികടന്ന് ബന്ധുവായ പി.കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ചത് നിയമവിരുദ്ധമാണെന്നും വിജിലന്‍സ് വ്യക്തമാക്കി. വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പി.കെ സുധീര്‍ നല്‍കിയ ഹരജിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി വി. ശ്യാംകുമാറാണ് ഇക്കാര്യം ഹൈക്കോടതിയില്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്.
മുന്‍മന്ത്രി ഇ.പി ജയരാജന്‍ 2016 മെയ് 25നു വ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ജൂണ്‍ 27ന് റിയാബിനോട് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാനേജിങ് ഡയറക്ടര്‍മാരെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ചു വിജ്ഞാപനമിറക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചു വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2016 ജൂണ്‍ 30ന് റിയാബിനെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് കെമിക്കല്‍, സെറാമിക്‌സ്, എന്‍ജിനീയറിങ് എന്നീ മേഖലകളിലെ സ്ഥാപനങ്ങളിലേക്കായി 772 പേരില്‍നിന്ന് 1,692 അപേക്ഷകള്‍ ലഭിച്ചു. ഇവരില്‍ 80 പേര്‍ യോഗ്യരാണെന്ന് റിയാബ് കണ്ടെത്തി. തുടര്‍ന്നു വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചെയര്‍മാനായ ഏഴംഗ സെലക്ഷന്‍ കമ്മിറ്റി ഇന്റര്‍വ്യു നടത്തി മനേഷ് പ്രതാപ് സിങ്, ബി. ജ്യോതികുമാര്‍ എന്നിവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതാണ്.
എന്നാല്‍, ജൂണ്‍ 27ന് റിയാബിന് ചുമതല നല്‍കി വിജ്ഞാപനമിറക്കിയശേഷം ബന്ധുവായ പി.കെ സുധീറിനെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിക്കാന്‍ അഡി. ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് ജയരാജന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതായി വിജിലന്‍സ് പറയുന്നു. തുടര്‍ന്ന് സുധീറിന്റെ ഫയല്‍ വിജിലന്‍സ് ക്ലിയറന്‍സിനായി നല്‍കി. കൂടുതല്‍ വിശദീകരണത്തിനായി ഫയല്‍ വിജിലന്‍സ് അധികൃതര്‍ തിരിച്ചുവിട്ടു. ഇതിനിടെ ഈ ഫയല്‍ തിരിച്ചുവിളിച്ച ജയരാജന്‍ സുധീറിന് ഉടന്‍ നിയമനം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സെപ്റ്റംബര്‍ 30ന് വിജിലന്‍സ് ക്ലിയറന്‍സിനു വിധേയമെന്ന ഉപാധികൂടി ചേര്‍ത്ത് പോള്‍ ആന്റണിയുടെ അംഗീകാരത്തോടെ ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാക്കളായ വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് നിര്‍ദേശിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡി നിയമനം സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ചുള്ള റെഗുലര്‍ തസ്തികയാണ്.
പ്രതിഫലവും സേവന വേതന വ്യവസ്ഥകളും സര്‍ക്കാരാണു നിശ്ചയിക്കുന്നത്. അതേസമയം, പൊതുതാല്‍പര്യം നിലനിര്‍ത്താന്‍ സുതാര്യമായ വ്യവസ്ഥകളിലൂടെയാണു നിയമനം നടത്തേണ്ടത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍തക്ക ഗുരുതരമായ കുറ്റകൃത്യം ബോധ്യപ്പെട്ടതായും സമഗ്രാന്വേഷണത്തിലൂടെ മാത്രമേ വിശദാംശങ്ങള്‍ അറിയാനാവൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."