ഗബ്രിയേല്‍ ഡോക്ടറുടെ സ്‌നേഹസ്പര്‍ശം
ടങ്ങിവച്ച കാലത്തുള്ള അതേ ഊര്‍ജ്ജവുമായി ഇപ്പോഴും ആ മനുഷ്യന്‍ ഹരിപ്പാട്ടെ വീടുകളില്‍ മുടങ്ങാതെ തന്നെ സന്ദര്‍ശിച്ച് മടങ്ങുന്നു. വാര്‍ധക്യത്തിന്റെ വേദനകള്‍ക്കൊപ്പം ഉറ്റവര്‍ പോലും അന്യം നില്‍ക്കുന്നവരുടെ അരികിലേക്ക് സാന്ത്വനത്തിന്റെ തലോടലുമായി ജോണി ഡോക്ടര്‍ കടന്നുചെല്ലുമ്പോള്‍ കൈയില്‍ സമ്മാന പൊതികളുമായി വരുന്ന വിരുന്നകാരന്റെ പുഞ്ചിരി അയാളുടെ മുഖത്ത് എന്നും കാണാം. വീടറകളില്‍ ജീവച്ഛവമായി നരകിച്ചു തീര്‍ക്കുന്നവര്‍ക്ക് ഇദ്ദേഹത്തിന്റെ സന്ദര്‍ശനം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഊര്‍ജ്ജം നല്‍കുന്നുണ്ട്. ആളനക്കമില്ലാത്ത വീടുകളില്‍ വെട്ടവും വെളിച്ചവുമെത്തുന്നത് തന്നെ ഡോക്ടര്‍ ജോണി ഗബ്രിയേല്‍ സന്ദര്‍ശനം നടത്തുന്ന ഞായാറാഴ്ചകളില്‍ മാത്രമാണ്. ജീവിതത്തിലെ കളിചിരികളൊക്കെ നഷ്ടപ്പെട്ടവരിലേക്ക് 'സ്‌നേഹസ്പര്‍ശ'നത്തിന്റെ നിലാവൊളിയുമായി പാഞ്ഞെത്തുന്ന വിചിത്രരായ ചിലരില്‍ നമുക്ക് ഈ മനുഷ്യനേയും കൂടി ചേര്‍ക്കാം.
ഹരിപ്പാട്ടെ വിരുന്നുകാരന്‍
ആലപ്പുഴയിലെ ടി.ഡി മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു മെഡിസിനില്‍ ബിരുദാനന്തര ബിരുദവുമെടുത്ത ജോണി ഗബ്രിയേലിന് ഹരിപ്പാട്ടെ ടി.ബി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം ലഭിച്ചത്. താമസവും വീടുമൊക്കെ എറണാകുളത്തെ കുമ്പളങ്ങിയിലാണെങ്കിലും ഡോക്ടറുടെ മനസും കര്‍മവുമൊക്കെ ഇന്നും ഹരിപ്പാട് തന്നെയാണ്. ഹരിപ്പാട് വാടകക്കൊരു വീടെടുത്തിട്ടാണ് പിന്നീടദ്ദേഹം ചികിത്സ തുടങ്ങിയത്. അതിപ്പോഴും നിലക്കാതെ തന്നെ കൊണ്ടു പോവുന്നു. ആ ശുശ്രൂഷക്കൊപ്പം വിട്ടുപോകാത്ത ഗൃഹസന്ദര്‍ശനവും തുടങ്ങിയതില്‍ പിന്നെ ഒരു മാസം പോലും മുടങ്ങിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ നന്മയുടെ ഏടുകളാണ്.
വാര്‍ധക്യത്തിന്റെ ആകുലതകള്‍ പേറി വിഷാദങ്ങളെ മാത്രം കൂട്ടുപിടിച്ച് ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത അനേകം ജന്മങ്ങള്‍, ആ സങ്കടങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കൂരകളില്‍ നിന്നുയരുന്ന വിജനതയുടെ കേവലം നിശബ്ദമായ നിലവിളികള്‍ ആരു കേള്‍ക്കാനാണ്. പരിഭവങ്ങളുടെ ഭാണ്ഡകെട്ടഴിച്ചുനിന്നാല്‍ തന്നെ അവരെ ആരു ചേര്‍ത്തുനിര്‍ത്താനാണ്. ഒറ്റവാക്കില്‍ സൂചിപ്പിക്കുകയാണെങ്കില്‍ ഉത്തരമില്ലാത്ത ആയിരക്കണക്കിനു ചോദ്യങ്ങളുടെ ഭീതിപ്പെടുത്തുന്ന വലിയൊരു ലോകമാണ് വാര്‍ധക്യം. അടച്ചിട്ട ഓരോ വാതിലിനു പിന്നിലും നൊമ്പരങ്ങള്‍ പേറി നടക്കുന്ന, ആരുടെയൊക്കെയോ കാലൊച്ചകള്‍ക്ക് കാത്തുനില്‍ക്കുന്ന ഒരുപാടു പേരുണ്ടെന്നാണ് ഡോക്ടര്‍ ജോണിയുടെ പക്ഷം. അതെത്ര മാത്രം വാസ്തവമാണെന്ന് ഒരുപക്ഷേ, അയാള്‍ക്കുമാത്രം അറിയാവുന്ന സത്യമായിരിക്കാം. നമ്മളൊന്നും അറിയാന്‍ താത്പര്യപ്പെടാത്തൊരു സത്യം. ആ വാക്കുകളെ അയാളുടെ പതിനാറു വര്‍ഷത്തെ ജീവിത ശൈലികള്‍, അനുഭവങ്ങള്‍ അങ്ങനെ ഓരോന്നായി ശരിവയ്ക്കുന്നുണ്ടാവണം. അതുകൊണ്ടു തന്നെയാകണം എവിടെ ജോലി കിട്ടി മാറിപ്പോകേണ്ടി വന്നാലും മാസംന്തോറും ഹരിപ്പാട്ടെ വീടുകളിലേക്കയാള്‍ മുടങ്ങാതെ എത്തുന്നതും. ആ കരുതലും സ്‌നേഹവുമൊക്കെ തന്നെയാണ് ആ മനുഷ്യനെ ഹരിപ്പാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറാക്കി മാറ്റിയതും.
നാടിന്റെ സ്പന്ദനമറിഞ്ഞ ഡോക്ടര്‍
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലിയെടുത്തിരുന്ന കാലത്തെ ഓര്‍മകളില്‍ ഓര്‍ത്തെടുക്കാനായി വലിയ കേസുകളൊന്നുമില്ല, ചുരുക്കം ചില മൈനര്‍ ഓപ്പറേഷനുകള്‍ മാത്രം. പിന്നീട് എന്തിനും ഏതിനും ഹരിപ്പാട്ടുകാര്‍ക്ക് ജോണി ഡോക്ടര്‍ തന്നെ വേണമെന്നായി. വിശ്വസ്തതയുടെ കെട്ടുറപ്പില്‍ അവര്‍ അയാളിലൂടെ സുരക്ഷിതത്വത്തിന്റെ സ്പന്ദനങ്ങള്‍ അനുഭവിച്ചറിയാന്‍ തുടങ്ങി. ആ കരുത്ത് പിന്നെ ജോണി ഡോക്ടര്‍ക്ക് വലിയ മേജര്‍ ഓപ്പറേഷനുകളിലേക്കുള്ള ഊര്‍ജ്ജമായി മാറി. രോഗികളുടെ നിര നീണ്ടു കാണുമ്പോഴൊന്നും അയാളെ അതൊന്നും അലട്ടിയതേയില്ല. കച്ചവടക്കണ്ണില്ലാതെ തന്നെ സേവനം നടത്തിയ ആ മനുഷ്യന്‍ അവരുടെ മനസുകളിലേക്ക് രോഗത്തേക്കാള്‍ വേഗത്തില്‍ പടര്‍ന്നു കയറി. നാലു വര്‍ഷത്തിനു ശേഷം കരുവാറ്റയിലെ പ്രാഥമിക കേന്ദ്രത്തില്‍ നിന്നു ഹരിപ്പാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് തസ്തികയിലേക്ക് ചുവടുമാറി. നിസ്വാര്‍ഥമായ സേവനങ്ങള്‍ അംഗീകാരങ്ങളുടെ രൂപത്തില്‍ വന്നപ്പോഴും അയാളുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നതേയില്ല.
മികവ് കണ്ട് പല ഓഫറുകള്‍ വന്നപ്പോഴും, തിരക്കുകള്‍ കൂടിയപ്പോഴും സേവനങ്ങള്‍ക്ക് ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്തിയില്ല. ശേഷം ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി അവിടേക്ക് മാറി. പോകുന്നിടത്തെല്ലാം അയാള്‍ തന്റെ മുദ്ര പതിപ്പിക്കാതിരുന്നില്ല. എല്ലാവരുടേയും പ്രിയങ്കരനായി മാറാന്‍ ഡോക്ടര്‍ക്ക് രോഗികളുമായുള്ള ഒരൊറ്റ കൂടികാഴ്ച തന്നെ ധാരാളമായിരുന്നു. അപ്പോഴും താമസവും മനസും ഹരിപ്പാട് തന്നെയായിരുന്നു. രോഗികളുടെ തിരക്കു കൂടിയപ്പോള്‍ അദ്ദേഹം ഹരിപ്പാട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതല കൂടി ഏറ്റെടുത്തു. ആ കാലയളവിനിടെയാണ് ഇന്ന് കാണുന്ന രീതിയിലേക്കുള്ള സേവനങ്ങളിലേക്ക് ഡോക്ടര്‍ മനസുവയ്ക്കുന്നത്. ശാരീരിക വൈകല്യങ്ങള്‍ മൂലം ചികിത്സിക്കാന്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലുമാവാത്തവരുടെ വിഷമങ്ങള്‍ ഇന്ന് ജോണി ഡോക്ടറെന്ന മാലാഖയെ സൃഷ്ടിച്ചു. അയാള്‍ അവരേയും അന്വേഷിച്ച് അവരുടെ ഇരുള്‍മുറ്റിയ കൂരകള്‍ തോറും കയറിയിറങ്ങാന്‍ തുടങ്ങി. സദാ കൈയില്‍ ഒരു പെട്ടിയും അതില്‍ നിറയെ മരുന്നിന്‍ കൂട്ടങ്ങളും. ചിലപ്പോള്‍ അയാള്‍ അവരുടെ ഉറ്റവരേക്കാള്‍ സ്‌നേഹാര്‍ദ്രമാവും. മറ്റുചിലപ്പോള്‍ അവര്‍ക്കുള്ള മരുന്നുകള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന വാത്സല്യനിധിയായ മകനും. ഒന്നുമില്ലാത്തവരിലേക്ക് കിടക്കാനുള്ള കട്ടിലും കിടക്കകളും എല്ലാം കൊണ്ടു വരും. പകരം അയാള്‍ തിരിച്ചു ചോദിച്ചുവാങ്ങുന്നത് അവരുടെ മുഖത്തെ പുഞ്ചിരികള്‍ മാത്രം. ആ പുഞ്ചിരികള്‍ക്കോ ലക്ഷങ്ങളുടെ വിലയും.
'സ്‌നേഹസ്പര്‍ശം'
2003 ല്‍ സമൂഹത്തിലെ വ്യത്യസ്ത തട്ടുകളില്‍ നില്‍ക്കുന്നവരെ സംഘടിപ്പിച്ച് ഹരിപ്പാട് വച്ച് രൂപീകരിച്ച റോട്ടറി ക്ലബിന്റെ കീഴില്‍ തന്നെയാണ് ഡോക്ടര്‍ ജോണി ഗബ്രിയേല്‍ 'സ്‌നേഹസ്പര്‍ശ'മെന്ന പേരില്‍ സേവനങ്ങള്‍ക്ക് തുടക്കമിടുന്നത്. സാന്ത്വനത്തിന്റെയും കരുതലിന്റേയും കൂട്ടായ്മക്ക് അനേകമാളുകള്‍ പിന്തുണയര്‍പ്പിച്ചപ്പോള്‍ അത് നിലക്കാതെ ആളിപ്പടരാന്‍ തുടങ്ങി. സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറത്തേക്ക് ശാരീരിക സാന്നിധ്യവും അറിയിച്ച് എന്നും കൂടെ നില്‍ക്കുന്നവര്‍ തന്നെയാണ് ഡോക്ടറുടെ സര്‍വ്വയൂര്‍ജ്ജവും. അതില്‍ അദ്ദേഹത്തിന്റെ ഭാര്യ റൂഫിന, മക്കളായ ഡോക്ടര്‍ ലിസി മേരി, ഡോക്ടര്‍ ജെറി ഗബ്രിയേല്‍ എന്നിവര്‍ പ്രധാനികളാണ്. സേവന പാതയിലെ പിന്തുണകളെക്കുറിച്ച് വാചാലാനാകുമ്പോഴൊക്കെ ഡോക്ടര്‍ റോട്ടറി ക്ലബിലെ ഓരോ വ്യക്തികളേയും പേരെടുത്ത് പറയുന്നുണ്ട്. അതോടൊപ്പം രോഗികള്‍ മരുന്നുകള്‍ കഴിക്കാതെ വരുമ്പോള്‍ റോട്ടറി ക്ലബിലെ കുടുംബത്തിലെ കുട്ടികളുമായി രോഗികളുടെ അരികിലേക്ക് മരുന്നുകളുമായി ജോണി ഡോക്ടര്‍ പോകാറുമുണ്ട്. മരുന്നുകള്‍ കഴിക്കാന്‍ കൂട്ടാക്കാത്തവരുടെ അരികിലേക്ക് കുട്ടികള്‍ പോയി അപ്പൂപ്പാ... അമ്മൂമ്മേ... നിങ്ങള്‍ മരുന്നു കഴിച്ചില്ലേല്‍ ഞാന്‍ പിണങ്ങുമെന്നൊക്കെ പറയും. ആ നിഷ്‌കളങ്കത തുളുമ്പുന്ന പിഞ്ചു കുട്ടികള്‍ പറയുമ്പോള്‍ അത് കുടിക്കാതിരിക്കാനവര്‍ക്കെങ്ങനെയാവും. കുട്ടികളെ രോഗികള്‍ക്ക് അത്രമേല്‍ ഇഷ്ടവുമാണ്. അത് തന്നെയാണ് ഡോക്ടറുടെ സൈക്കോളജിക്കല്‍ മൂവ്‌മെന്റും. അതോടൊപ്പം വളര്‍ന്നുവരുന്ന കുട്ടികള്‍ വര്‍ത്തമാനകാല തലമുറയെ കണ്ടുപഠടിക്കാതെ അവരും തങ്ങളുടെ അച്ഛനമ്മമാരെ സ്‌നേഹിക്കാന്‍ പഠിക്കട്ടെയെന്നാണ് ഡോക്ടര്‍ പറയാറ്.
വെളിച്ചം അന്യംനില്‍ക്കുന്ന ഇരുട്ടറകള്‍
രോഗികളെ സന്ദര്‍ശിക്കാനായി പോവുമ്പോള്‍ മാത്രം വെളിച്ചം കാണുന്ന മുറികളും, മാസത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുന്നവരുടേയും അനേകം ചിത്രങ്ങള്‍ ഡോക്ടറുടെ മുന്നിലിന്നുമുണ്ട്. മക്കള്‍ നോക്കാതെ വീട്ടില്‍ ഉപേക്ഷിച്ചുപോയ അനേകം അമ്മമാര്‍, ഭക്ഷണം കിട്ടാതെ ശരീരമൊട്ടി മെലിഞ്ഞവര്‍ അങ്ങനെ നിരവധി പേരെ ഡോക്ടര്‍ തന്റെ പരിചരണത്തിനിടെ കണ്ടിട്ടുണ്ട്. അവര്‍ക്കു വേണ്ടി തന്നെയാണ് ഈ ഉദ്യമം തുടങ്ങിയതും. ചിലര്‍ക്ക് വെളിച്ചത്തെ വല്ലാത്ത പേടിയാണ്. മാസത്തിലെ 29 ദിവസവും ഇരുട്ടില്‍ ചുരുണ്ടു കൂടിയവര്‍ക്ക് വെളിച്ചമൊരു പ്രഹസനമായി തോന്നാറുണ്ട്. പക്ഷേ ജോണി ഡോക്ടറെ കാണുമ്പോള്‍ വിഷാദം കൂടുകെട്ടിയ അവരുടെ മുഖത്ത് പുഞ്ചിരിയുടെ പുതുമഴ പെയ്തിറങ്ങാന്‍ തുടങ്ങും. ചിലര്‍ ആ ദിവസത്തേയും കാത്ത് ദിനമെണ്ണിക്കൊണ്ടേയിരിക്കും.
പ്രമേഹം, കാന്‍സര്‍, വിഷാദം എന്നീ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍, വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ സ്വയം വെന്തുരുകി തീര്‍ന്നവര്‍ എന്നിവരെയാണ് ജോണി ഡോക്ടര്‍ അധികവും സമീപിക്കാറ്. നമ്മള്‍ കാരണം ഒരാളെങ്കിലും പുഞ്ചിരിച്ചു കാണട്ടെയന്നതാണ് ജോണി ഡോക്ടറുടെ തിയറി. അതിന് പണമോ സമയമോ അദ്ദേഹത്തിന് ഒരു പ്രശ്‌നമേ അല്ല. ജീവിതത്തിലേക്ക് ഒരിക്കലും തിരികെ വരില്ലെന്നുറപ്പുള്ളവരെ ചേര്‍ത്തു നിര്‍ത്തി വാക്കുകള്‍ കൊണ്ട് പിന്തുണ നല്‍കുന്ന മോട്ടിവേറ്റരുടെ കൂട്ടത്തിലും നമുക്കീ മനുഷ്യനെ ഉള്‍പ്പെടുത്താം. കാരണമയാള്‍ക്ക് ഹരിപ്പാട്ടെ ഓരോ രോഗിയുടേയും സ്പന്ദനങ്ങള്‍ സ്റ്റെതസ്‌കോപ്പിന്റെ സഹായമില്ലാതെ തന്നെ അറിയാമെന്നുള്ളതാണ്. കൂടാതെ അവര്‍ക്ക് സ്‌നേഹസ്പര്‍ശനത്തിന്റെയും റോട്ടറി ക്ലബിന്റെയും കീഴില്‍ സമയബന്ധിതമായി ബോധവത്കരണ ക്ലാസും ഡോക്ടര്‍ സംഘടിപ്പിക്കാറുണ്ട്.
തണല്‍ വിരിക്കുന്ന റോട്ടറി ക്ലബ്
ഉള്ളുലക്കുന്ന കാഴ്ചകളില്‍ സഹതാപം പേറി മാത്രം നടക്കുന്നവരുടെ ഇടയില്‍ ഡോക്ടര്‍ കര്‍മഫലം കൊണ്ട് വേറിട്ടു നില്‍ക്കുന്നുണ്ട്. മകന്‍ മരിച്ചപ്പോള്‍ അമ്മയെ പരിചരിക്കാന്‍ നില്‍ക്കാതെ വീടു വിട്ടുപോയ മരുമകളുണ്ടായിരുന്ന ഒരു വീട്ടില്‍ ആ അമ്മയെ സഹായിക്കാനും മറ്റുമായി ഡോക്ടറുടെ നേതൃത്വത്തില്‍ ഒരു ജോലിക്കാരനെ ഏല്‍പ്പിച്ചു. നാഡീസംബന്ധിയായ അസുഖമായി കിടപ്പിലായ നാല്‍പതുകാരന്‍ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ സഹായത്തിനും മറ്റും അയാളുടെ അമ്മക്ക് ആവതില്ലാതെ വന്നപ്പോഴും റോട്ടറി ക്ലബിന്റെ കീഴില്‍ ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ബെഡ് വാങ്ങി കൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്നു. അങ്ങനെ റോട്ടറി ക്ലബിന്റെയും 'സ്‌നേഹസ്പര്‍ശ'നത്തിന്റേയും കീഴില്‍ ചെയ്തു കൊടുത്ത നന്മകളുടെ ഒരു വലിയ നിര തന്നെ ഹരിപ്പാടും സമീപ പ്രദേശങ്ങളിലും കാണാം. ഹരിപ്പാട്ടെ 25 ലധികം വീടുകളില്‍ മാസംന്തോറും ജോണി ഡോക്ടര്‍ ചികിത്സാര്‍ഥം സന്ദര്‍ശനം നടത്തുന്നുണ്ട്. കഴിഞ്ഞ തവണ അവരുടെ ചികിത്സക്കും മറ്റുമായി ചെലവാക്കിയത് എണ്‍പതിനായിരത്തോളം രൂപയാണ്.
ഡോക്ടറുടെ നേതൃത്വത്തിലുള്ള റോട്ടറി ക്ലബ് 'സ്‌നേഹസ്പര്‍ശ'ത്തിന്റെ കീഴില്‍ നിര്‍ധനരായ ആറു കുടുംബത്തിനാണ് വീട് നിര്‍മിച്ചു കൊടുത്തിട്ടുള്ളത്. 2015 ല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ച ജോണി ഡോക്ടര്‍, റോട്ടറി ക്ലബിന്റെ ചെയര്‍മാന്‍ കൂടിയാണ്. അഞ്ച് ജില്ലകളിലായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോട്ടറി ക്ലബിന്റെ ഗവര്‍ണറായാല്‍ അതിനു കീഴിലുള്ള 150 ക്ലബുകളില്‍ കൂടി 'സ്‌നഹേസ്പര്‍ശ'ത്തിന്റെ വെളിച്ചം പകരാനുള്ള ഒരുക്കത്തിലുമാണദ്ദേഹം. സാമ്പത്തിക കെട്ടുറപ്പോ ആകുലതകളോ ഒന്നും തന്നെ ഈ മനുഷ്യനെ പിന്നോട്ട് വലിക്കുന്നില്ലെന്നത് ദൈവികമായ നിമിത്തങ്ങളാണ്. ഇരുള്‍ മൂടിയ അറകളില്‍ അല്‍പ്പം വെളിച്ചവും കാത്ത് നിക്കുന്നവരിലേക്ക് സാന്ത്വനത്തിന്റെ പ്രതീകങ്ങളായി ഡോക്ടര്‍ ജോണി ഗബ്രിയേലിനെ പോലെ അനേകം പേര്‍ ഉണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."