ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതി: മൂന്ന് ദിവസത്തിനകം ഹിയറിങ്്, 60 ദിവസത്തിനകം തീര്‍പ്പാക്കല്‍
പാലക്കാട്: ഗാര്‍ഹിക പീഡന-സ്ത്രീധന നിരോധനിയമപ്രകാരം, പീഡനമേല്‍പിക്കുന്ന പുരുഷനു പുറമെ അയാളുടെ സ്ത്രീകളുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കെതിരേയും സ്ത്രീക്ക് പരാതിപ്പെടാം.
ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍, പൊലിസ് ഓഫിസര്‍, ക്ഷേമസംഘടനകള്‍, ജൂഡീഷല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് പരാതി എഴുതിയാണ് സമര്‍പിക്കേണ്ടത്.
ഗാര്‍ഹിക പീഡന നിയമം 2006 പ്രകാരം സ്ത്രീക്ക് മാത്രമെ പരാതിപ്പെടാന്‍ സാധ്യമാകൂവെങ്കിലും ഗാര്‍ഹിക പീഡന സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴോ, ഗാര്‍ഹിക പീഢനം നടന്നുകൊണ്ടിരിക്കുമ്പോഴോ, പീഡനം നടക്കാനുളള സാധ്യതയുളളപ്പോഴോ ഇത് സംബന്ധിച്ച് അറിവുളള ആര്‍ക്കും പരാതിയോ വിവരമോ നല്‍കാം.
പീഡനത്തിന് ഇരയായവര്‍ക്ക് സൗജന്യ നിയമസഹായം ലഭിക്കുന്നതിന് ലീഗല്‍ കൗണ്‍സലര്‍മാരുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും സേവനങ്ങള്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളിലും ഷെല്‍ട്ടര്‍ ഹോമുകളിലും ലഭ്യമാണ്.
1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം 2004-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ത്രീധന നിരോധന ചട്ടം പറയുന്നത് സ്ത്രീധനം സംബന്ധിച്ചുളള പരാതികള്‍ സ്വന്തമായോ, രക്ഷിതാക്കള്‍, ബന്ധുക്കള്‍, ഏതെങ്കിലും അംഗീകൃത സംഘടനയോ സ്ഥാപനമോ മുഖേന റീജനല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് റീജനല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ നിലവിലുണ്ട്. പരാതിയിലുളള കണ്ടെത്തലുകള്‍ ഒരു മാസത്തിനകം രേഖപ്പെടുത്തും.
നിയമപ്രകാരം, വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം ഭാര്യയുടേയും സ്വന്തം പിതാവിന്റേയും ഭാര്യ പിതാവിന്റേയും ഒപ്പോടെ വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം.
നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന 2013-ലെ നിയമം സംഘടിത-അസംഘടിത തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അത്രിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.
തെറ്റായ രീതിയിലുള്ള നോട്ടം, ആംഗ്യം, ശരീരഭാഷ, വാക്ക് തുടങ്ങിയവയെല്ലാം ഈ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിലുള്‍പ്പെടും. 10ന് മുകളില്‍ സ്ത്രീകള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ പരാതികള്‍ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്കും പത്തിന് താഴെ സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരാതികള്‍ ഇതിനായി രൂപവത്കരിച്ചിട്ടുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിക്കുമാണ് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."