മനോജ് വധക്കേസ്: കോടതിമാറ്റം സി.പി.എമ്മിനു തിരിച്ചടി
തലശ്ശേരി: കതിരൂര്‍ മനോജ് കേസിന്റെ തുടര്‍നടപടികള്‍ സി.ബി.ഐ കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കു മാറ്റിയ സുപ്രിംകോടതി വിധി സി. പി.എമ്മിനു രാഷ്ട്രീയമായ തിരിച്ചടിയായി.
സി.ബി.ഐ കോടതിയില്‍ നിന്ന് ഏറെകാലത്തെ നിയമയുദ്ധത്തിനുശേഷമാണു മനോജ് കേസ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയിരുന്നത്.
ഇതിനെതിരേ സി.ബി.ഐ നടത്തിയ പോരാട്ടമാണ് ജയത്തിലെത്തിയത്. ഇതോടെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ മുഴുവന്‍ രേഖകളും എറണാകുളം സി.ബി.ഐ കോടതിയിലേക്കു മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ കഴിയുന്ന പ്രതികളെ സി.ബി.ഐ കോടതി നിര്‍ദേശിക്കുന്ന ജയിലിലേക്കു മാറ്റേണ്ടിവരും. ഇതും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സി.പി.എമ്മിനു വെല്ലുവിളിയാകും. ബന്ധുക്കള്‍ക്കു പ്രതികളെ കാണാനുള്ള സൗകര്യപ്രദമായ അവസരമാണ് ഇതുമൂലം നഷ്ടപ്പെടുക.
കതിരൂര്‍ മനോജ് വധക്കേസില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരും മറ്റുമായി 22 പേരാണു പ്രതികള്‍. ഗൂഢാലോചനാക്കുറ്റം ചുമത്തി സി. പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ മധുസൂധനന്‍ ഉള്‍പ്പെടെയുള്ളവരെയും സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കുറ്റപത്രം സി.ബി.ഐ ഇതുവരെ നല്‍കിയിരുന്നില്ല. കേസ് പരിഗണിക്കുന്ന തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കുന്നത് ഉചിതമല്ലെന്നും കേസ് നടപടികള്‍ ദുര്‍ബലമാകുമെന്നുമായിരുന്നു സി.ബി.ഐ നിലപാട്. ഇതേതുടര്‍ന്നു സുപ്രിംകോടതി ഉത്തരവ് വന്നതിനുശേഷം മാത്രമേ കുറ്റപത്രം നല്‍കേണ്ടതുള്ളൂവെന്നു തീരുമാനിക്കുകയായിരുന്നു.
സി.ബി.ഐക്ക് അനുകൂല നിലപാട് വന്നതോടെ ഗൂഢാലോചനാ കുറ്റപത്രവും കോടതിയിലെത്തും. കുറ്റപത്രം മാസങ്ങള്‍ക്കുമുമ്പേ തന്നെ തയാറായതായും വിവരമുണ്ട്. 2015 സെപ്റ്റംബര്‍ ഒന്നിനാണു കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ മനോജ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."