കാത്തുസൂക്ഷിച്ച പെരുമ്പാമ്പിന് മുട്ടകള്‍ വിരിഞ്ഞു
കാസര്‍കോട്: കാത്തുകാത്തിരുന്ന് ഒടുവില്‍ പെരുമ്പാമ്പിന് മുട്ടകള്‍ വിരിഞ്ഞു. മഹീന്ദ്ര വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ചെയര്മാന് മധൂരിലെ മവീഷ് എന്ന ഉണ്ണിയുടെ വീട്ടിലാണ് പെരുമ്പാമ്പിന്റെ മൂന്നു മുട്ടകള്‍ വിരിഞ്ഞത്. ഉണ്ണിയുടെ വീടിന്റെ തൊട്ടടുത്തുള്ള മരമില്ലില്‍ നിന്നാണ് പാമ്പിന് മുട്ടകള്‍ കണ്ടെത്തിയത്. ഫോറസ്റ്റ് സംഘം മുട്ടകളെ ഉണ്ണിക്ക് കൈമാറുകയായിരുന്നു.
പെരുമ്പാമ്പിനെയും മുട്ടയെയും കാട്ടിലാക്കാനായിരുന്നു അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാട്ടിലാക്കിയാല്‍ മുട്ട കേടാകുമെന്നും അതു വിരിയില്ലെന്നും മുട്ട താന്‍ സംരക്ഷിച്ചു വിരിയിക്കാമെന്നും ഉണ്ണി അറിയിച്ചതിനാല്‍ റെയിഞ്ച് ഓഫിസര്‍ ഇതിന് അനുമതി നല്‍കുകയായിരുന്നു.
ജോലി സംബന്ധമായി ഇപ്പോള്‍ പയ്യന്നൂര്‍ എടാട്ട് താമസിക്കുന്ന ഉണ്ണി പെരുമ്പാമ്പിനെയും മുട്ടയെയും വീട്ടില്‍ കൊണ്ടു വന്ന് ഒരു സിന്തറ്റിക്ക് ടാങ്കില്‍ ആക്കി.
സാധാരണ ഗതിയില്‍ പെരുമ്പാമ്പിന്റെ മുട്ട വിരിയാന്‍ 72 ദിവസം വരെ സമയം വേണ്ടി വരുമെന്ന് ഉണ്ണി പറഞ്ഞു. മുട്ടയ്ക്ക് അടയിരിക്കുന്ന പെരുമ്പാമ്പ് ഒരു തവണ മാറിയാല്‍ പിന്നീട് അടയിരിക്കാത്ത സ്വഭാവമാണെന്നും അടയിരിക്കുന്ന 72 ദിവസവും പാമ്പ് ഭക്ഷണം പോലും കഴിക്കാറില്ലെന്നും വൈല്‍ഡ് ലൈഫ് റിസര്‍ച്ച് തലവന്‍കൂടിയായ മവീഷ് കുമാര്‍ പറഞ്ഞു.
ഇതിനു മുമ്പും പെരുമ്പാമ്പിന്റെ മുട്ടകള്‍ മധൂരിലെ വീട്ടില്‍ വച്ച് മവീഷ് വിരിയിച്ചിരുന്നു. 1996ല്‍ 18 മുട്ടകള്‍ വിരിഞ്ഞിരുന്നു. 2008 ല്‍ ഒന്‍പതു മുട്ടകളും വിരിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."