വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍: പ്രചാരണം ഫെബ്രുവരി ആദ്യവാരം തുടങ്ങും
പാലക്കാട്: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായി ജില്ലാ ഭരണകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം പ്രചാരണം നടത്തും.
ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന പ്രചാരണ പരിപാടിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും പര്യടനം ആരംഭിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപാറ്റ് എന്നിവയെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ തീരുമാനിച്ചത്. ഒരു നിയോജക മണ്ഡലത്തില്‍ ആറ് ടീമുകളാണ് പ്രചാരണം നടത്തുക. ഇത്തരത്തില്‍ ജില്ലയിലെ 12 മണ്ഡലങ്ങളിലായി 72 ടീമുകള്‍ പ്രചാരണം നടത്തും. വോട്ടര്‍മാര്‍ക്ക് നേരിട്ട് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും സുതാര്യവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സംബന്ധിച്ച് സംശയങ്ങള്‍ പരിഹരിച്ച് വിശ്വാസ്യത ഉറപ്പു വരുത്തുകയാണ് പ്രചാരണത്തിന്റെ ഉദ്ദേശ്യം.
ഉപവരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ആലോചനാ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ജയകുമാര്‍, ഡി.എഫ്.ഒ നരേന്ദ്രനാഥ് വേലൂരി, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് വി.സന്തോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ.ഷാനവാസ് ഖാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."