കണ്ണൊന്നു തെറ്റിയാല്‍ റോഡരികില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ആശങ്കയില്‍
കണ്ണൂര്‍: കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാതെ ദേശീയപാതയോരത്തെ സ്‌കൂളുകള്‍. റോഡില്‍ നിന്നു മീറ്ററുകള്‍ മാത്രമുള്ള സ്‌കൂള്‍ കവാടം കടന്നു കുട്ടികള്‍ റോഡിലിറങ്ങുന്നത് അശ്രദ്ധയോടെ. പള്ളിക്കുന്ന്, മേലെ ചൊവ്വ തുടങ്ങി ജില്ലയിലെ ദേശീയപാതയോരത്തെ സ്‌കൂളുകളിലെ കുട്ടികള്‍ നേരെ ഇറങ്ങിച്ചെല്ലുന്നത് ചീറിപ്പാഞ്ഞു പോവുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ്.
സ്‌കൂള്‍ വിട്ടാല്‍ ഗേറ്റിനു പുറത്തേക്കു പ്രവേശിക്കാന്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്‌കൂളുകള്‍ നിരവധിയാണ്. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഇത്തരം രീതികളില്‍ സ്‌കൂള്‍ അധികൃതരും പി.ടി.എയും കണ്ണടയ്ക്കുകയാണ്. സ്‌കൂളിനു സമീപം വാഹനങ്ങള്‍ക്ക് 30 കിലോമീറ്ററാണ് വേഗത. എന്നാല്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളില്‍ നിയന്ത്രണം കാര്യക്ഷമമായി നടപ്പാകുന്നില്ല. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡിവൈഡര്‍ സംവിധാനവും സുരക്ഷാ ബോര്‍ഡുകളും ഹമ്പുകളും പല സ്‌കൂള്‍ പരിസരത്തും എത്തിയിട്ടില്ല. ദേശീയപാത കടന്നുപോവുന്ന പള്ളിക്കുന്നിലും കല്ല്യാശ്ശേരിയിലും താഴെ സ്‌കൂള്‍ പരിസരത്ത് അടുത്തിടെ ഡിവൈഡര്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് തെളിഞ്ഞുകാണുന്ന സീബ്ര ലൈനും ഇവിടങ്ങളിലുണ്ട്.
അതേസമയം സ്‌കൂളിനു സമീപത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. റോഡിലേക്കുള്ള കുട്ടികളുടെ കടന്നുവരവുമായി ബന്ധപ്പെട്ട് നിയന്ത്രണം കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതരും മുന്നോട്ടുവരണം. കൂട്ടമായി എത്തുന്ന കുട്ടികള്‍ റോഡിലേക്കു കയറുന്നതും വാഹനങ്ങള്‍ക്കു വട്ടം ചാടുന്നതും പതിവു കാഴ്ചയാണ്. പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്ക് റോഡില്‍ നിന്നു മാറി സ്‌കൂള്‍ കോംപൗണ്ടിലേക്ക് വാഹനങ്ങള്‍ കയറാന്‍ സൗകര്യമൊരുക്കിയത് ചുരുക്കം ചില സ്‌കൂളുകള്‍ മാത്രമാണ്. മറ്റു പല സ്‌കൂളുകളിലും ദേശീയപാതയോരത്തും റോഡിലും വച്ചാണ് കുട്ടികളെ കയറ്റുകയും ഇറക്കി വിടുകയും ചെയ്യുന്നത്. കണ്ണൊന്നു തെറ്റിയാല്‍ റോഡിലേക്കു പായുന്ന കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും കുറവല്ല. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും കൃത്യമായ ബോധവല്‍ക്കരണവും നിയന്ത്രണവും നടപ്പിലാക്കേണ്ടതുണ്ട്. ഇരിക്കൂര്‍ പെരുമണ്ണ് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ മുന്നിലുണ്ടായിട്ടും അപകടങ്ങളെ ചെറുക്കുന്ന കാര്യത്തില്‍ അധികൃതര്‍ കണ്ണു തുറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."