എന്തുകൊണ്ട് വിവരാവകാശ കമ്മിഷനില്‍ വിദഗ്ധരില്ല
ന്യൂഡല്‍ഹി: പ്രത്യേകിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷനിലുള്‍പ്പെടെ (സി.ഐ.സി) എന്തുകൊണ്ടാണ് വിദഗ്ധര്‍ ഇല്ലാത്തതെന്നും അവയില്‍ ഏറെക്കുറേ ഉദ്യോഗസ്ഥര്‍ മാത്രമാണല്ലോയെന്നും സുപ്രിംകോടതി. 2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം (ആര്‍.ടി.ഐ) അനുസരിച്ച് കമ്മിഷനുകളില്‍ ഈ രംഗത്തുള്‍പ്പെടെ പരിചയസമ്പന്നരായവരെ ഉള്‍പ്പെടുത്തണമെന്നു പറയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ അത്തരക്കാരെ വിവരാവകാശ കമ്മിഷനിലേക്കു നിയമിക്കണമെന്നും ഇപ്പോള്‍ അവയില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ മാത്രമെയുള്ളൂവെന്നും ജസ്റ്റിസ് എ.കെ സിക്രിയും എസ്. അബ്ദുല്‍ നസീറും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. സി.ഐ.സിയിലേക്ക് അടുത്തകാലത്ത് 280 അപേക്ഷകളാണ് വന്നത്. അതില്‍നിന്ന് 14 പേരെ തെരഞ്ഞെടുത്ത് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. എന്നിട്ടു നിയമിക്കപ്പെട്ടതാവട്ടെ എല്ലാവരും വിരമിച്ച ഉദ്യോഗസ്ഥര്‍. ഞങ്ങള്‍ നിയമനത്തെ കുറ്റം പറയുകയല്ല. പക്ഷേ നിയമിതരായവരില്‍ ഒരാള്‍ പോലും ഉദ്യോഗസ്ഥമേഖലക്കു പുറത്തുനിന്ന് ഉള്ളവരല്ല. കഴിവുള്ള ഉദ്യോഗസ്ഥരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ തെരഞ്ഞെടുക്കപ്പെടണം.
എങ്കിലും ഈ രംഗത്തുള്ളവരെ പരിഗണിക്കണം. - ജസ്റ്റിസ് സിക്രി പറഞ്ഞു. വിവരാവകാശ കമ്മിഷനുകളില്‍ വന്‍തോതില്‍ ഒഴിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി റിട്ട. കമാന്‍ഡര്‍ ലോകേഷ് ബത്രയും വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭാര്‍ഗവയും നല്‍കിയ കേസാണ് സുപ്രിംകോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."