രക്തസാക്ഷിത്വദിനം ആചരിച്ചു
കുറ്റ്യാടി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തൊന്നാം രക്തസാക്ഷിത്വ ദിനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന ഗാന്ധി സ്മൃതി സദസ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.ജെ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കോവില്ലത്ത് അധ്യക്ഷനായി. ടി. സുരേഷ് ബാബു, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, മംഗലശ്ശേരി ബാലകൃഷ്ണന്‍, ദാസന്‍ നൊട്ടിക്കണ്ടി, കെ.പി കരുണന്‍, അനസ് സംസാരിച്ചു.
എടച്ചേരി: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന മോദി സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ന്നുവരണമെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. എം.കെ പ്രേംനാഥ് അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റുകള്‍ എന്നും മതേതരത്വവും സാമൂഹ്യനീതിയും ഉയര്‍ത്തി പിടിച്ച് പ്രവര്‍ത്തിച്ചവരാണെന്നും ഗാന്ധിജിയുടെ പാതയിലാണ് സോഷ്യലിസ്റ്റുകള്‍ പിന്തുടര്‍ന്നതെന്നും ലോകം ഗാന്ധിയിലേക്ക് മടങ്ങുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നതന്നും അദ്ദേഹം പറഞ്ഞു. ലോക്താന്ത്രിക് യുവജനതാദള്‍ നാദാപുരം മണ്ഡലം കമ്മിറ്റി രക്തസാക്ഷിത്വ ദിനത്തില്‍ എടച്ചേരി നടത്തിയ 'രക്തസാക്ഷ്യം ഗാന്ധി സ്മൃതി' വര്‍ഗീയതക്കെതിരേ മതേതര സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രേംനാഥ്. തുടര്‍ന്ന് ദീപശിഖയില്‍ അഗ്‌നി പകര്‍ന്നു പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. യുവജനതാദള്‍ നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷനായി. നവോത്ഥാന മൂല്യങ്ങളെ പറ്റി സംസാരിക്കാന്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്ക് അവകാശമില്ലെന്നും ബിര്‍ളാ ഹൗസില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് ഭഗവത് ഗീതയും കയ്യിലേന്തി വന്ന ഗാന്ധിജിയെ ഇല്ലാതാക്കിയ ഹിന്ദുമത ഭ്രാന്തനായ ഗോഡ്‌സെയുടെ പിന്‍മുറക്കാരെ നാം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുവജനതദള്‍ സംസ്ഥാന ജ. സെക്രട്ടറി ഇ.കെ സജിത് കുമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം സെക്രട്ടറി കെ. രജീഷ് സ്വാഗതം പറഞ്ഞു പി.സി സന്തോഷ്, പി.എം നാണു, ടി.കെ ബാലന്‍, കോമത്ത് ഭാസ്‌കരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."