സംവരണ ബില്‍: മോദി സര്‍ക്കാരിന്റേത് ഭരണഘടനാ ലംഘനം- ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: സംവരണം സാമൂഹികനീതിയുടെ പ്രശ്‌നമാണെന്നും സംവരണ ബില്‍ പാസാക്കുകവഴി മോദി സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആദായനികുതി ഓഫിസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ ചെറിയ നിയമംപോലും കൊണ്ടുവരണമെങ്കില്‍ വലിയ നടപടിക്രമമാണു വേണ്ടത്. എന്നാല്‍ മുന്നാക്ക സംവരണ ബില്ലില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എല്ലാ നടപടിക്രമങ്ങളും കാറ്റില്‍പറത്തിക്കൊണ്ടാണ് ബില്ല് പാസാക്കിയെടുത്തത്.
ഇതു പാര്‍ലമെന്റിന്റെ പവിത്രതയ്ക്ക് ഏല്‍പ്പിച്ചത് കളങ്കമാണെന്നും സംവരണ ബില്ലില്‍ നടന്നത് ചതിപ്രയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗനിയമന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പിന്നാക്കക്കാരന്റെ സാന്നിധ്യം വളരെ തുച്ഛമാണ്.
രംഗനാഥ് മിശ്ര കമ്മിഷന്‍, സച്ചാര്‍ കമ്മിഷന്‍, ഗോപാല്‍ സിംഗ് കമ്മിഷന്‍, മൊറാര്‍ജി ദേശായി കമ്മിഷന്‍ എന്നിവ പിന്നാക്ക പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സാമ്പത്തിക സംവരണത്തിനു വേണ്ടി ഭരണഘടനാ ഭേദഗതി വേണമെന്ന് ആദ്യമായി നരേന്ദ്രമോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് പിണറായി വിജയന്റെ സര്‍ക്കാരാണ്.
മോദി ഇതിനായി കാത്തിരിക്കുകയായിരുന്നു. വഞ്ചനയ്ക്ക് കൂട്ടുനിന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. പി. ഇസ്മായില്‍, എം.സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, ജില്ലാ സെക്രട്ടറി കെ.കെ നവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."