മത്സ്യത്തൊഴിലാളികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നേരിട്ടത് കടുത്ത അനീതി
കോഴിക്കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ടത് കടുത്ത അനീതി. സര്‍ക്കാരില്‍നിന്ന് കടാശ്വാസമായി ആനുകൂല്യം ലഭിച്ചിട്ടും അവ വിതരണം ചെയ്യുന്നതില്‍ കടുത്ത ഉദാസീനതയാണ് ബാങ്ക് അധികൃതര്‍ കാണിച്ചത്. സര്‍ക്കാര്‍ അനുവദിച്ച തുക ലഭിച്ചതിനു ശേഷവും ഈടാധാരം തിരികെ ലഭിച്ചില്ല, നിര്‍ബന്ധത്തിനു വഴങ്ങി വായ്പകള്‍ പുതുക്കിവച്ചത് കാരണം ശുപാര്‍ശ ചെയ്ത കടാശ്വാസം സഹകരണ വകുപ്പ് അനുവദിച്ചില്ല, കടാശ്വാസമായി ലഭിച്ച തുക കണക്കില്‍ വരവു വച്ചതിലുള്ള ക്രമക്കേടുകള്‍ കാരണം അധികതുക അടക്കേണ്ടിവന്നു തുടങ്ങി നിരവധി പരാതികളാണ് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ മുന്‍പാകെ എത്തിയത്. കമ്മിഷന്‍ നിര്‍ദേശം പാലിക്കാത്ത കേസുകള്‍ വീണ്ടും പരിഗണിക്കുന്നതിനു നോട്ടിസ് നല്‍കിയതില്‍ 11 കേസുകള്‍ പരിഗണിച്ചു. കാരന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസമായി അനുവദിച്ച 26,000 രൂപ കൈപറ്റിയ ശേഷം 15,624 രൂപ കൂടുതലായി വാങ്ങിയത് തിരികെ നല്‍കാന്‍ കമ്മിഷന്‍ നല്‍കിയ നിര്‍ദേശം പാലിച്ചതായി ബാങ്ക് പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു കേസില്‍ കടാശ്വാസ തുക ലഭിച്ചതിനു പുറമെ അധികമായി വാങ്ങിയ 24,538 രൂപ മത്സ്യത്തൊഴിലാളിക്ക് തിരിച്ചുനല്‍കാന്‍ ബാങ്കിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സഹകരണ ബാങ്ക് കൊയിലാണ്ടി ശാഖയില്‍നിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുടെ വായ്പക്ക് 75,000 രൂപ കടാശ്വാസം അനുവദിച്ച് ബാങ്ക് തുക കൈപറ്റിയിട്ടും ഈടാധാരം തിരിച്ചുനല്‍കാന്‍ കമ്മിഷന്‍ നല്‍കിയ നിര്‍ദേശം പാലിച്ചില്ല എന്ന പരാതിയും പരിഗണിച്ചു. മത്സ്യത്തൊഴിലാളി വായ്പ കണക്കിലേക്ക് സായാഹ്ന ശാഖ മുഖേന ഒടുക്കിയ 50,000 രൂപ വകയിരുത്തിയത് ഹാജരാക്കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സില്‍ കാണുന്നില്ല എന്ന പരാതിയില്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നില്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളുടെ വായ്പകളും കടല്‍ക്ഷോഭമോ മറ്റു ദുരന്തങ്ങള്‍ മൂലമോ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന ഉപകരണങ്ങള്‍ക്കായി എടുത്ത വായ്പകളും കടാശ്വാസ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനു സര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയതായി കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കടാശ്വാസം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. സിറ്റിങ്ങില്‍ കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍, കമ്മിഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."