പാതിവഴിയില്‍ കുപ്പത്തോട് വിളമ്പുകണ്ടം ശുദ്ധജല വിതരണ പദ്ധതി: ഉദ്ഘാടനത്തിനൊരുങ്ങി അധികൃതര്‍
കല്‍പ്പറ്റ: ജലനിധി ഏറ്റെടുത്ത അഞ്ചുകുന്ന്-കുപ്പത്തോട് വിളമ്പുകണ്ടം ശുദ്ധജല വിതരണ പദ്ധതി നവീകരിക്കാതെ ഉദ്ഘാടനം ചെയ്യാനൊരുങ്ങുകയാണ് അധികൃതരെന്ന് വിളമ്പുകണ്ടം വിക്ടറി സ്വാശ്രയ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
1983ലാണ് വാട്ടര്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി ആരംഭിച്ചത്. പടിഞ്ഞാറത്തറ, കണിയാമ്പറ്റ, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതി സ്ഥാപിച്ചത്. എന്നാല്‍ 2015ല്‍ വാട്ടര്‍ അതോരിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതി ജലനിധി ഏറ്റെടുക്കുകയായിരുന്നു.
ഇതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ നിലവിലെ സപ്ലൈ ലൈനുകള്‍ പൂര്‍ണമായി മാറ്റാനും പമ്പ്ഹൗസ് നവീകരണം, പുതിയ മോട്ടോര്‍, ആധുനിക ഫില്‍ട്രേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുമെന്നും ജലനിധി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ലൈനുകള്‍ ഇതുവരെ പൂര്‍ണമായി മാറ്റിയിട്ടില്ല. കൂടാതെ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയോ മോട്ടോര്‍ എത്തിക്കുകയോ ഫില്‍ട്രേഷന്‍ ഒരുക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നും പൂര്‍ത്തിയാക്കാതെയാണ് അധികൃതര്‍ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
പദ്ധതി പ്രകാരം വാട്ടര്‍ അതോരിറ്റിയില്‍ നിന്ന് ജലം വിലക്ക് വാങ്ങി ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്യുന്നത് സ്‌കീം ലെവല്‍ കമ്മിറ്റി മുഖാന്തിരമാണ്. പുതിയ പദ്ധതിയില്‍ 1010ഓളം പുതിയ അപേക്ഷരാണുണ്ടായിരുന്നത്. ഗുണഭോക്തൃ വിഹിതമായി ജനറല്‍ വിഭാഗത്തില്‍ നിന്ന് 2100 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 1050 രൂപയും പിരിച്ചെടുത്ത് കമ്മിറ്റിയെ ഏല്‍പ്പിച്ചിരുന്നു.
പദ്ധതി പൂര്‍ത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നതിലൂടെ വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഭാരവാഹികളായ പി.എം രവീന്ദ്രന്‍, ബേബി ജോര്‍ജ്, ഇ പ്രവീണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."