എരുമപ്പെട്ടി ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍
കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥികളെ ഉടനെ മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കി
എരുമപ്പെട്ടി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 150ല്‍ അധികം കുട്ടികള്‍ ഇരുന്ന് പഠിക്കുന്നത് ഏത് നിമിഷവും തകര്‍ന്ന് നിലംപൊത്താറായ കെട്ടിടത്തില്‍. കാലപഴക്കം കൊണ്ട് ശോചനീയാവസ്ഥയിലായ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥികളെ ഉടനെ മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കി.
മൂവായിരത്തിലധികം കുട്ടികള്‍ പഠനം നടത്തുന്ന എരുമപ്പെട്ടി ഗവ:ഹയര്‍ സെക്കന്റി സ്‌കൂളിലെ മൂന്ന് ക്ലാസ് മുറികളും ലാബുകളും ഓഫിസും പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടമാണ് തകര്‍ന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. 38 വര്‍ഷത്തെ പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ മൂന്ന് ക്ലാസ് മുറികളിലായി 150 കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പ്രധാന അധ്യാപികയുടെ ഓഫിസും, ഒരു സ്റ്റാഫ് റൂമും, മൂന്ന് ഐ.ടി ലാബുകളും, ഒരു ബയോളജി ലാബും, എന്‍.സി.സി ഓഫിസും ബുക്ക് സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്. കാലപഴക്കം മൂലം കെട്ടിടത്തിന്റെ ചുമരുകളും വാര്‍പ്പിന്റെ കോണ്‍ക്രീറ്റും വിണ്ടു കീറിയും, കുമ്മായം കൊണ്ട് നിര്‍മിച്ച സീലിങ്ങ് അടര്‍ന്ന് വീണ് വാര്‍പ്പിന്റെ കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുമാണുള്ളത്.
കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിച്ച ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെട്ടിടം അണ്‍ഫിറ്റാണെന്നും അപകടാവസ്ഥയിലായ കെട്ടിടത്തില്‍ നിന്നും കുട്ടികളെ ഉടനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപികക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേ സമയം വിദ്യാര്‍ഥികളുടെ ബാഹുല്യം മൂലം കുട്ടികളെ ക്ലാസ് മുറികളില്‍ നിന്നും മാറ്റാന്‍ കഴിയാതെ സ്‌കൂള്‍ അധികൃതര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സ്‌കൂളിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഇത്തരത്തില്‍ കാലപഴക്കം കൊണ്ട് യോഗ്യമല്ലാത്തവയാണ്. മൂവായിരത്തിലധികം കുട്ടികള്‍ക്കായി ചുരുങ്ങിയത് 80 ക്ലാസ് മുറികള്‍ വേണമെന്നിരിക്കെ 27 ക്ലാസ് മുറികള്‍ മാത്രമാണ് പ്രവര്‍ത്തന യോഗ്യമായിട്ടുള്ളത്. ബാക്കി വരുന്ന 35 ക്ലാസ് മുറികള്‍ കെ.ഇ.ആര്‍ നിയമമനുസരിച്ചുള്ള വിസ്തൃതിയില്ലാത്തതിനാല്‍ ഹൈകോടതി പഠനം നടത്തരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളവയാണ്. ഈ ക്ലാസ് മുറികളില്‍ തിങ്ങി നിറഞ്ഞിരുന്നാണ് കുട്ടികള്‍ നിലവില്‍ പഠനം നടത്തുന്നത്.
ഭൗതിക സാഹചര്യങ്ങള്‍ കുറവായിട്ടും സ്‌കൂളിന്റെ പാഠ്യ പാഠ്യേതര മികവ് കണക്കിലെടുത്ത് യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ഇത്തവണ 700 കുട്ടികളാണ് സ്‌കൂളില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഇതിന് പുറമെ പ്ലസ് വണ്‍ പ്രവേശനം കഴിഞ്ഞാല്‍ നവാഗതരായ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ രണ്ട് ക്ലാസ് മുറികള്‍ കൂടി അധികമായി വേണ്ടി വരുമെന്നതും സ്‌കൂള്‍ അധികൃതരെ വലക്കുന്നുണ്ട്.
മുന്‍ എം.എല്‍.എ ബാബു.എം.പാലിശ്ശേരിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിര്‍മിച്ച ഇരുനില കെട്ടിടമാണ് ആകെ ആശ്വാസമായിട്ടുള്ളത്. ഇതിനു പുറമെ എം.എല്‍.എ ഫണ്ടില്‍ നിന്നും പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരേയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി പ്ലസ് ടു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയതിനാല്‍ ഈ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നെട്ടോടമോടുകയാണ്.
ഈ സാഹചര്യത്തിലാണ് അപകടാവസ്ഥയിലായ പ്രധാന കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥികളെ മാറ്റാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളെ മറ്റാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ അപകടാവസ്ഥയിലായ ഈ കെട്ടിടത്തില്‍ ഇരുന്ന് ജീവന്‍ പണയം വെച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും പഠനം മുന്നോട്ട് കൊണ്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."