കൊറോണ: സഊദിയിൽ 20ൽ 19 പേരുടെയും ആരോഗ്യ നിലയിൽ പുരോഗതി; 468 പേർ ഐസൊലേഷനിൽ
റിയാദ്: സൗദി അറേബ്യയിൽ കൊറോണ ബാധ സ്ഥിരീകരിച്ച 20 പേരിൽ 19 പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഒരാളുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാനൂറിലധികം പേർ ഐസൊലേഷനിലാണെന്നും രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിലാണെന്നും ഇന്ന് പുതിയ രോഗ ബാധയില്ലെന്നും മന്ത്രാലയ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 ബാധിച്ചത്. ഇവിടെ ചികിത്സയിലുള്ള 18 പേരുടെയും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. മക്കയിൽ കണ്ടെത്തിയ ഒരാളുടെ ആരോഗ്യ നിലയിലും മാറ്റമുണ്ട്. എന്നാൽ റിയാദിൽ കൊറോണ ബാധിച്ച യു.എസ് പൗരന്റെ സ്ഥിതിയിൽ പുരോഗതിയില്ല. 468 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. 2032 പേരെ നിരീക്ഷിച്ച് വരുന്നു. അസുഖം വന്നവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവരാണ് ഇവരിലേറെയും. സംശയമുള്ളവരെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രതയാണ് പുലർത്തി വരുന്നത്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സമിതി രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്ത മക്കയിലും റിയാദിലും സ്ഥിതിഗതികൾ ശാന്തമാണ്. എല്ലാ മേഖലയിൽ കനത്ത ജാഗ്രതയും തുടർ പ്രവർത്തനങ്ങളുമാണ് നടന്നു വരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."