ഒരുമിച്ചുള്ള പരീക്ഷാസംവിധാനം അവതാളത്തില്‍
മലപ്പുറം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഒരുമിച്ചുള്ള പരീക്ഷ പൂര്‍ണ പരാജയം. കുട്ടികള്‍ കൂടുതല്‍ പരീക്ഷ എഴുതുന്ന സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഒരു വിഭാഗം വിദ്യാര്‍ഥികളെ സബ് സെന്ററുകളിലേക്ക് മാറ്റിയാണ് അധികൃതര്‍ പരീക്ഷ നടത്തുന്നത്. ഇത്തരം സബ് സെന്ററുകള്‍ മെയിന്‍ സെന്ററില്‍ നിന്നും കിലോമീറ്ററുകളോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പരീക്ഷാര്‍ഥികളെ വലച്ചു. മാത്രവുമല്ല, ഇത്തരം സബ് സെന്ററുകളിലേക്ക് പ്രത്യേകം പരീക്ഷാ ചീഫ് സൂപ്രണ്ടുമാരെയും അധികൃതര്‍ നിയോഗിച്ചില്ല.
സബ് സെന്ററുകളിലേക്ക് വേണ്ട ചോദ്യപേപ്പര്‍ ഓരോ ദിവസവും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ രാവിലെ എത്തിക്കേണ്ട ഗതികേടുമുണ്ട്. ഇത്തരം സബ് സെന്ററുകളിലെ കുട്ടികളുടെ സീറ്റിങ് സമ്പ്രദായം ഐ- എക്‌സാം പോര്‍ട്ടറില്‍ മെയിന്‍ സെന്ററിലെ പരീക്ഷാ വിദ്യാര്‍ഥികളുടെ കൂടെ ആയതും പ്രിന്‍സിപ്പല്‍മാരെ വലക്കുന്നുണ്ട്.
ആദ്യദിവസം പരീക്ഷ കഴിഞ്ഞിട്ടും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്കു ഇതുവരെ ഐ എക്‌സാമില്‍ നിന്ന് ഉത്തരപേപ്പര്‍ അയക്കേണ്ട സെന്ററുകളുടെ വിലാസവും മറ്റു അനുബന്ധ രേഖകളും ലഭ്യമാകാതിരിക്കുന്നതും അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്നു കെ.എച്ച്.എസ്.ടി.യു ( കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേര്‍സ് യൂനിയന്‍) സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഐ -എക്‌സാം സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ഉത്തരക്കടലാസുകള്‍ പാക്ക് ചെയ്യേണ്ട രേഖകള്‍ക്കു വേണ്ടി കാത്തിരിക്കേണ്ടി വന്നു. 'എക്‌സാം ഡേ ആക്റ്റിവിറ്റീസ്' എന്ന ലിങ്ക് പിന്‍വലിച്ചതിനാല്‍ പാക്കിങ് സ്ലിപ്പ്, ബണ്‍ഡ്ല്‍ ലേബല്‍, ആബ്‌സന്റീസ് സ്റ്റേറ്റ്‌മെന്റ്, തുടങ്ങിയ രേഖകളും കിട്ടാതായി. മൂല്യ നിര്‍ണയ ക്യാംപുകളില്‍ ഉപയോഗിക്കുന്ന മാര്‍ക്ക് ലിസ്റ്റും ലഭ്യമായില്ല.
10.55ന് പൂര്‍ത്തിയായ ബോട്ടണി പരീക്ഷയുടെ ഉത്തരക്കടലാസ് പോലും അയക്കേണ്ട വിലാസം അറിയിക്കാത്തതിനാല്‍ സ്‌കൂളില്‍ തന്നെ വെക്കേണ്ടി വന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം മാത്രം ലാക്കാക്കികൊണ്ടു ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ഒരേ മുറിയില്‍ സൂക്ഷിക്കണമെന്ന അധികൃതരുടെ ആദ്യതീരുമാനം നേരത്തെ തന്നെ പരാജയപ്പെട്ടിരുന്നു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സംവിധാനത്തിലെ അനാസ്ഥ അധികൃതര്‍ ഒഴിവാക്കി പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കണമെന്നു കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജില്ലാ, ഭാരവാഹികളായ കെ. ടി. ലത്തീഫ്, ഒ. ഷൗക്കത്തലി, സി.ടി.പി ഉണ്ണിമൊയ്തീന്‍, ഡോ. എസ് സന്തോഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."