നെയ്യാറിലെ സിംഹകൂട്ടിലെ പുലി ഉടന്‍ കാട്ടിലേക്ക്
നെയ്യാര്‍: നെയ്യാറിലെ സിംഹ സഫാരി പാര്‍ക്കിലെ കൂട്ടില്‍ കഴിയുന്ന പുലി പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍. അതിനാല്‍ പുലിവീരന്‍ ഇനി ഒരാഴ്ചയക്കകം കൂട് വിട്ട് കാട്ടിലേക്ക് പോകും. കണ്ണൂര്‍ നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തുകയും ഒടുവില്‍ വലയിലാകുകയും ചെയ്ത പുള്ളിപ്പുലിയാണ് നെയ്യാര്‍ കാട്ടിലേക്ക് പോകുന്നത്. പുലിയെ തിങ്കളാഴ്ച രാത്രിയാണ് ഇവിടെ എത്തിച്ചത്. സന്ദര്‍ശകരെ ആരെയും കടത്തിവിടാതെയാണ് പുലിയെ പരിചരിക്കുന്നത്. കൊണ്ടു വന്ന ദിവസം നല്‍കിയ ഭക്ഷണങ്ങളോട് നന്നായി പ്രതികരിച്ചതോടെ ആരോഗ്യ പരമായി പുലിക്ക് കുഴപ്പിമില്ലെന്ന് അധികൃതര്‍ പറയുന്നു.
സിംഹസഫാരി പാര്‍ക്കില്‍ പുതിയ മറ്റൊരു അതിഥി എത്തുന്നത് അറിഞ്ഞതോടെ പാര്‍ക്കില്‍ സിംഹങ്ങളുടെ വലിയ ബഹളമായിരുന്നു. അതിനിടെ പുലിയെ അഗസ്ത്യവനത്തില്‍ വിടുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം തീരുമാനമാകും. എന്നാല്‍ പുറത്തു നിന്നും മറ്റൊരു ജീവി വനത്തില്‍ എത്തിയാല്‍ ആ സമൂഹം അതിനെ സ്വീകരിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പുലികള്‍ ഇതിനെ ആക്രമിക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്‌തേക്കാം. മാത്രമല്ല തിരസ്‌ക്കരിച്ചാല്‍ ഈ പുലി കൂടുതല്‍ അക്രമാസക്തനാകുവാനും സാധ്യതയുണ്ട്. അങ്ങിനെ പുലി കാട്ടില്‍ നിന്നും നാട്ടിലെത്താനുള്ള സാധ്യതയും അധികൃതര്‍ കണക്കുകൂട്ടുന്നു.കണ്ണൂര്‍ തായത്തെരു റെയില്‍വേ കട്ടിങിന് സമീപത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. ജീവന്‍ പണയം വച്ച് ഏറെനേരം നടത്തിയ കഠിന പ്രയത്‌നത്തിന് ശേഷമാണ് വയനാട്ടില്‍നിന്നെത്തിയ വിദഗ്ധ സംഘം പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. കര്‍ണാടക വനത്തില്‍ കാണുന്ന പാന്തറ പാര്‍ഡെന്‍സ് ഇനത്തില്‍പെട്ട പുള്ളിപ്പുലിയാണ് കണ്ണൂരിലെത്തിയത്. മത്സ്യം എറെ ഇഷ്ടപ്പെടുന്ന പുലി മത്സ്യവണ്ടിയിലാകാം എത്തിയതെന്നാണ് നിഗമനം. കിലോമീറ്ററുകളോളം നീന്താന്‍ കഴിവുള്ള ഇനത്തില്‍പെട്ടതാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ട ഈ എട്ട് വയസുകാരനായ പുലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."