നവകേരളം രചിക്കാന്‍ 25 പദ്ധതികള്‍
#വി.എസ്.പ്രമോദ്
തിരുവനന്തപുരം: നൂറ്റാണ്ടിലെ മഹാപ്രളയം വരുത്തിവച്ച നാശത്തില്‍നിന്നു കരകേറുന്നതിനായി സര്‍വതല സ്പര്‍ശിയായാണ് ബജറ്റില്‍ 25 പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി, വ്യവസായം, ഐ.ടി, പ്രവാസി ക്ഷേമം, വൈദ്യുതി, ഗതാഗതം തുടങ്ങി എല്ലാ മേഖലയേയും പരിഗണിക്കുന്നതാണ് ഈ 25 പദ്ധതികള്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പരിഗണന, ഇലക്ട്രിക് ബസ്, പരിസ്ഥിതിയെ പരിഗണിച്ചുള്ള കൃഷി, ഊര്‍ജ ലാഭത്തിനായി എല്‍.ഇ.ടി ബള്‍ബുകള്‍, മികച്ച ഡിസൈന്‍ റോഡുകള്‍ തുടങ്ങി സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതികളാണ് പൂര്‍ണമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബജറ്റില്‍ ആകെ പറയുന്ന 1200ല്‍ പരം പദ്ധതികളില്‍ സംസ്ഥാനത്തിന്റെ ഭാവിയെതന്നെ ഗാഢമായി ബാധിക്കുന്ന പദ്ധതികളെന്നാണ് ഈ 25 പദ്ധതികളെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയോജിത പരിപാടിയായുള്ള 25 പദ്ധതികള്‍ക്കായി 1.42 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതുമാണ് 25 പദ്ധതികളില്‍ ഒന്നാമത്തേത്. 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും വ്യവസായ പാര്‍ക്കുകള്‍ക്കും വേണ്ടി കിഫ്ബിയില്‍നിന്നുമാത്രം 15,600 കോടി അനുവദിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി പ്രാന്തങ്ങളില്‍ വ്യവസായ സമുച്ചയങ്ങളുടെ ഭീമന്‍ ശൃംഖല സൃഷ്ടിക്കുന്നതിന് ഈ വിഭാഗത്തില്‍ പദ്ധതിയുണ്ട്.
നാളത്തെ ലോകം ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളുടേതാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണ് രണ്ടാമത്തെ പദ്ധതി. ലോകത്തെമ്പാടുമുള്ള സംരംഭകരെ ആകര്‍ഷിച്ച ചിലി മാതൃകയിലൊരു ഇന്നൊവേഷന്‍ സോണിന് രൂപം നല്‍കുന്നതിനായി 10 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ എന്റര്‍പ്രണര്‍ ഡെവലപ്‌മെന്റ് പ്രോഗാമിന് 70 കോടിയും ഇന്നൊവേഷന്‍ സോണിന് 10 കോടിയും മാറ്റിവച്ചിട്ടുണ്ട്.
മലബാറിന്റെ കാപ്പിപ്പൊടി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതാണ് മൂന്നാമത്തെ പദ്ധതി. ചില്ലറ വില്‍പനയില്‍ പത്തു ശതമാനത്തില്‍ നില്‍ക്കുന്ന വയനാട്ടിലെ കാപ്പിപ്പൊടിയുടെ വില്‍പ്പന മലബാര്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് 20 ശതമാനത്തിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് സ്ഥാപിച്ച് കാപ്പിയുടെ പൊതുസംസ്‌കരണ സംവിധാനമൊരുക്കും. വയനാട്ടിലെ കര്‍ഷകരില്‍നിന്നു പഴുത്ത കാപ്പിക്കുരു വാങ്ങി കമ്പോളവിലയെക്കാള്‍ 25 മുതല്‍ 100 ശതമാനം ഉയര്‍ന്ന വില നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയര്‍ന്ന വില ലഭ്യമാക്കുകയാണ് നാലാമത്തെ പദ്ധതി. ഇതിനായി 70 കോടി രൂപ വകയിരുത്തിയതിനു പുറമേ സഹകരണ ബാങ്കുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കയര്‍ വകുപ്പ് എന്നിവയില്‍നിന്നും പദ്ധതിക്കായി 100 കോടി ലഭ്യമാക്കും. തെങ്ങിന്റെ ശാസ്ത്രീയ പരിപാലനം ഉറപ്പുവരുത്താന്‍ കേരഗ്രാമം സ്‌കീമിന് 43 കോടിയും നാളികേര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതും ഈ പദ്ധതിയിലുണ്ട്.
നെല്‍കൃഷി സംരക്ഷിക്കുന്നതിനും റബര്‍ മേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുകയുമാണ് അഞ്ചാം പദ്ധതിയുടെ ലക്ഷ്യം. സംയോജിത റൈസ് പാര്‍ക്കുകളും റബര്‍ പാര്‍ക്കും ഇതില്‍ വിഭാവനം ചെയ്യുന്നു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള റൈസ് പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ 20 കോടി വകയിരുത്തിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തിലെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കുന്നതിനു പ്രാപ്തിയുള്ള കമ്പനിയുടെ കീഴില്‍ ഈ പാര്‍ക്കുകളെ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം.
റബറിനുള്ള താങ്ങുവിലയ്ക്ക് 500 കോടിയും ഈ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. റബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ സിയാല്‍ മാതൃകയില്‍ കമ്പനി 2019-20ല്‍ രജിസ്റ്റര്‍ ചെയ്യും. കോട്ടയം ജില്ലയിലെ 200 ഏക്കറില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയിലാണ് ഈ കമ്പനി തുടങ്ങാന്‍ പദ്ധതിയുള്ളത്. ബലൂണ്‍ മുതല്‍ ടയര്‍ വരെയുള്ള എല്ലാത്തരം ഉല്‍പ്പന്നങ്ങളുടേയും വ്യവസായ സമുച്ചയം നിര്‍മിക്കാനായി ഒരു വന്‍കിട ടയര്‍ നിര്‍മാണ കമ്പനിയെ മുഖ്യ നിക്ഷേപകരാക്കാനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജാണ് ആറാം പദ്ധതിയില്‍ വരുന്നത്. പാക്കേജിന്റെ ഭാഗമായി കായലും ജലാശയങ്ങളും ഒറ്റത്തവണ ശുചീകരിക്കും. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 250 കോടിയുടെ കുട്ടനാട് കുടിവെള്ള പാക്കേജ് ഈ സാമ്പത്തികവര്‍ഷം യാഥാര്‍ഥ്യമാക്കും.
പ്രളയാനന്തരം നദികളുടെ പുനരുജ്ജീവനവും നീര്‍ത്തട വികസനവും ലക്ഷ്യമിട്ടുള്ളതാണ് ഏഴാം പദ്ധതി. ഇത്തരത്തിലുള്ള ജനകീയ മുന്‍കൈകളെ പിന്തുണയ്ക്കുന്നതിന് 25 കോടി വകയിരുത്തിയിട്ടുണ്ട്.
തീരദേശ വികസനവും പുനരുദ്ധാരണവും ലക്ഷ്യമിടുന്ന എട്ടാമത്തെ പദ്ധതിക്കായി 2000 കോടി രൂപയുടെ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതു വിപുലീകരിച്ച് റീബില്‍ഡ് കേരളയില്‍ സമഗ്രപരിപാടിയാക്കുമെന്നാണ് പദ്ധതിയിലൂടെ പറയുന്നത്. ഈ വര്‍ഷം തീരദേശ വികസനത്തിനായി ആയിരത്തിലേറെ കോടി രൂപ ചെലവഴിക്കുമെന്നാണ് പറയുന്നത്. തീര പുനരധിവാസത്തിനായി 100 കോടി അധികമായി വകയിരുത്തിയിട്ടുണ്ട്.
പുലിമുട്ട് തുടങ്ങി പരമ്പരാഗത സംവിധാനങ്ങള്‍ക്ക് 227 കോടി, ഫിഷിങ് ഹാര്‍ബറുകള്‍ പൂര്‍ത്തിയാക്കാന്‍ 50 കോടി, സൗജന്യ നിരക്കില്‍ സാറ്റലൈറ്റ് ഫോണ്‍, ജി.പി.എസ് നാവിഗേഷന്‍ ഉപകരണം എന്നിവ ലഭ്യമാക്കാന്‍ 13 കോടി, അടിസ്ഥാനസൗകര്യ വികസനത്തിന് 103 കോടി, തീരദേശ റോഡുകള്‍ക്ക് 200 കോടി, പഞ്ഞമാസ ആശ്വാസത്തിന് 28 കോടി, ഇന്‍ഷ്വറന്‍സിന് 12 കോടി ഇങ്ങനെ എട്ടാം പദ്ധതിയില്‍ തീരമേഖലക്കായി വന്‍തുകയാണ് മാറ്റിവച്ചിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് ഒന്‍പതാം പദ്ധതി. 2019-20ല്‍ വന്‍കിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വകയിരുത്തിയിട്ടുള്ള 527 കോടിയില്‍ 299 കോടി പൊതുമേഖലയ്ക്കാണ്. ഇതിനു പുറമേ പൊതുമേഖലക്ക് പ്രവര്‍ത്തന മൂലധനമായി 30 കോടിയും നീക്കിവച്ചിട്ടുണ്ട്.
നവകേരളത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉറപ്പുവരുത്തുന്ന തരത്തിലാണ് ഊര്‍ജ മിഷന്‍ എന്ന പേരിലെ പത്താം പദ്ധതി. വൈദ്യുതി മേഖലയുടെ മൊത്തം അടങ്കലായ 1781 കോടിയില്‍ 476 കോടി പ്രസരണത്തിനും 563 കോടി ഉല്‍പ്പാദനത്തിനുമാണ് നീക്കിവച്ചിരിക്കുന്നത്.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ റോഡ് ശൃംഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് പതിനൊന്നാം പദ്ധതിയായ ഡിസൈന്‍ റോഡുകള്‍. രണ്ടുവര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2022ല്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുകയാണ് പന്ത്രണ്ടാം പദ്ധതിയുടെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ്, ഇ മൊബിലിറ്റി പ്രമോഷന്‍ ഫണ്ട് രൂപീകരിച്ച് 10,000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് ഇതില്‍നിന്നു സബ്‌സിഡി നല്‍കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
585 കിലോമീറ്റര്‍ നീളത്തില്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ 2020ല്‍ പൂര്‍ത്തീകരിക്കുമെന്നതാണ് പതിമൂന്നാം പദ്ധതി. 2020ല്‍ തെക്ക് വടക്ക് റെയില്‍പാതയുടെ നിര്‍മാണം ആരംഭിക്കുന്നതിന് പതിന്നാലാം പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള കേരള ബോട്ട് ലീഗ് പതിനഞ്ചാം പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്‌റു ട്രോഫി മുതല്‍ നവംബര്‍ ഒന്നിലെ പ്രസിഡന്റ് കപ്പുവരെയുള്ള മൂന്നു മാസക്കാലം എല്ലാ വാരാന്ത്യത്തിലും ഏതെങ്കിലും ഒരു ബോട്ട് റേസ് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 20 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. അന്തര്‍ദേശീയ സ്‌പൈസസ് വ്യാപാരത്തിന്റെ സ്‌പൈസ് റൂട്ട് പദ്ധതിയും ഇതിന്റെഭാഗമായി നടപ്പാക്കും. സ്‌പൈസസ് റൂട്ടിന് ഉത്തേജനം പകര്‍ന്ന് 6000 കോടി കിഫ്ബി സഹായത്തോടെ സൈക്കിള്‍ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കും.
രണ്ടുവര്‍ഷത്തിനുള്ളില്‍ ചകിരി ഉല്‍പാദനം പത്തു മടങ്ങായും കയര്‍ ഉല്‍പ്പാദനം മൂന്നു മടങ്ങായും ഉയര്‍ത്തുകയാണ് പതിനേഴാം പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 400 ചകിരി മില്ലുകളും 5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും ഈ വര്‍ഷം സ്ഥാപിക്കും. ചകിരിച്ചോറും കുഞ്ഞു നാരുകളും ഉയര്‍ന്ന ഊഷ്മാവില്‍ കടുത്ത സമ്മര്‍ദത്തിനു വിധേയമാക്കി ബോര്‍ഡുകളാക്കി മാറ്റുന്ന ഫാക്ടറികളും പദ്ധതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കും.
പ്രവാസി നിക്ഷേപവും സുരക്ഷയുമാണ് പതിനെട്ടാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും നിര്‍ണായക സംഭവമായി മാറുമെന്ന് പറയുന്ന കേരള ബാങ്കിന്റെ രൂപീകരണമാണ് പത്തൊന്‍പതാം പദ്ധതിയിലുള്ളത്. വിശപ്പുരഹിത കേരളം ഇരുപതാം പദ്ധതിയായും സ്ത്രീ ശാക്തീകരണവും കുടുംബശ്രീ ബ്രാന്‍ഡിംഗും ഇരുപത്തിയൊന്നാം പദ്ധതിയുമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരം പട്ടിക വിഭാഗക്കാര്‍ക്ക് പ്ലെയ്‌സ്‌മെന്റ് ഇരുപത്തിരണ്ടും സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ലൈഫ് മിഷന്‍ ഇരുപത്തിമൂന്നാമത്തെയും പദ്ധതിയാണ്. വിദ്യാഭ്യാസ മികവിലേക്കെന്ന ആശയമുയര്‍ത്തിയുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇരുപത്തിനാലാം പദ്ധതിയും സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി ഇരുപത്തിയഞ്ചാം പദ്ധതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."