നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തു
പൂച്ചാക്കല്‍:ജീവനക്കാര്‍ താമസിച്ചിരുന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷം നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. അവസാന സര്‍വീസ് താല്‍കാലികമായി നിര്‍ത്തി.
രാവിലെ ആദ്യവും രാത്രി അവസാനവുമായി ചേര്‍ത്തല - അരൂക്കുറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രധാന സര്‍വീസ് ബസിന്റെ ചില്ലാണ് തകര്‍ത്തത്.ചൊവ്വാഴ്ച്ച രാത്രി അരൂക്കുറ്റിയിലായിരുന്നു സംഭവം. രാത്രി 10ന് ചേര്‍ത്തലയില്‍ നിന്നും പുറപ്പെടുന്ന ബസ് 11.10ന് അരൂക്കുറ്റിയിലെത്തി ജംഗ്ക്ഷനു സമീപം നിര്‍ത്തിയിടുകയും പുലര്‍ച്ചെ അഞ്ചിന് ചേര്‍ത്തലയ്ക്കു സര്‍വീസ് നടത്തുകയുമാണ് പതിവ്. ഇതനുസരിച്ച് ചൊവ്വാഴ്ച്ച ബസ് നിര്‍ത്തിയിട്ട ശേഷം സമീപത്തെ താമസസ്ഥലത്തേക്കു ഡ്രൈവര്‍ കെ.കാര്‍ത്തികേയനും കണ്ടക്ടര്‍ എസ്. സന്തോഷും പോയി.അരമണിക്കൂറിനിടെ റോഡരികില്‍ ബഹളം കേട്ടെങ്കിലും അത് കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട് വലിയ ശബ്ദം കേട്ട് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടിയനിലയില്‍ കണ്ടെത്തിയതെന്ന് ജീവനക്കാര്‍ പൊലീസിനു മൊഴിനല്‍കി. ഏറെ ശ്രമത്തിനൊടുവില്‍ വാതില്‍ തുറന്നെത്തിയപ്പോഴാണ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പരിസരവാസികളിലും പൂച്ചാക്കല്‍ പൊലീസിലും വിവരം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് അരൂക്കുറ്റിയില്‍ നിന്നുള്ളതും രാത്രി 10ന് ചേര്‍ത്തലയില്‍ നിന്നുള്ളതുമായ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.പിന്നീടുള്ള സമയങ്ങളിലെ സര്‍വീസുകള്‍ ഉണ്ടാകും.ഇതിന് മറ്റൊരു ബസ് ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ സര്‍വീസുകളൊന്നും നടന്നില്ല.ആക്രമിക്കപ്പെട്ട ബസ് പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.ജീവനക്കാരുടെ വാതില്‍ പൂട്ടിയശേഷം ബസിന്റെ ചില്ല് തകര്‍ത്തത് ബോധപൂര്‍വമായി ചെയ്തതാണെന്നതാണ് പൊലീസിന്റെയും കെ.എസ്.ആര്‍.ടി.സി അധികൃതരുടെയും വിലയിരുത്തല്‍. ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് സ്ഥിരമായുണ്ടാകുന്നവര്‍,വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പൊലീസ് അന്വേഷണം തുടങ്ങി.
പുലര്‍ച്ചെയും രാത്രിയുമായി ബസ് തൊഴിലാളികളും മറ്റു ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന്ന സര്‍വീസാണ് താല്‍കാലികമായി നിര്‍ത്തിയിരിക്കുന്നത്. ഇത് യാത്രക്കാരെ ഏറെ വലയ്ക്കും. ബസ് ആക്രമിച്ചവരെ കണ്ടെത്തുകയും ബസിന്റെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കിയശേഷം പുലര്‍ച്ചെയും രാത്രിയുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."