ആറന്മുളയിലെ വിവാദ ഭൂമി കൃഷിയോഗ്യമാക്കല്‍; പ്രാഥമിക പഠനം തുടങ്ങി
പത്തനംതിട്ട: കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആറന്മുള പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമിക പഠനത്തിനായി ഉദ്യോഗസ്ഥ സംഘം എത്തി.
കൃഷി ഡയറക്ടര്‍ മാത്യു സഖറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പഠനത്തിനെത്തിയത്. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പാടശേഖര ഭാരവാഹികള്‍, കൃഷി ഓഫിസര്‍മാര്‍ എന്നിവരില്‍ നിന്നു വിവരശേഖരണം നടത്തി. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ ആറന്മുള വിമാനത്താവള കമ്പനി കൈയടക്കി വച്ചിരിക്കുന്ന പാടശേഖവും മെത്രാന്‍കായലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമെന്നുള്ള പ്രഖ്യാപനത്തെ തുടര്‍ന്നാണ് പഠനം ആരംഭിച്ചത്. കെ.ജി.എസ്. ഗ്രൂപ്പ് വിമാനത്താവളത്തിന്റെ പേരില്‍ കൈയടക്കിവച്ചിരിക്കുന്ന 236 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് അടക്കം 500 ഏക്കര്‍ പാടശേഖരവും ആറന്മുള പുഞ്ചയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏഴു പാടശേഖരങ്ങളിലുമായി കൃഷിയിറക്കാനുള്ള സാധ്യതകളാണ് ആദ്യഘട്ടത്തില്‍ സംഘം വിലയിരുത്തിയത്. ഇരിപ്പൂ വയലേലകളില്‍ കൃഷിയിറക്കാന്‍ തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവയാണ് ആദ്യ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ പേരില്‍ മണ്ണിട്ട് നികത്തിയ ഭാഗങ്ങളില്‍ നെല്‍കൃഷി നടത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍, പാടശേഖരത്തിന്റെ നടുവിലൂടെ ഒഴുകുന്ന വലിയ തോടിന്റെ വീതി കുറയുകയും അടിത്തട്ട് ഉയരുകയും ചെയ്തത്, നാല്‍ക്കാലിക്കല്‍ പാലം, കോഴിപ്പാലം, ഇടക്കടവ് നടപ്പാലം എന്നിവയുടെ നിര്‍മാണത്തെ തുടര്‍ന്ന് പാടങ്ങളുടെ താഴ്്ന്നഭാഗത്തെ ഒഴുക്ക് തടഞ്ഞ് ബണ്ടുപോലെ രൂപപ്പെട്ടത്, പമ്പാ ഇറിഗേഷന്‍ കനാലില്‍ നിന്നുള്ള നിലയ്ക്കാത്ത നീരൊഴുക്ക് തുടങ്ങിയവയെക്കുറിച്ചും ഇവയുടെ പരിഹാരത്തിന് വേണ്ടിവരുന്ന ചെലവുകളെക്കുറിച്ചുമാണ് കൃഷിവകുപ്പ് പഠനം തുടങ്ങിയത്.
കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി സ്ഥലം സന്ദര്‍ശിക്കുന്നതിനുമുമ്പ് ഈ വര്‍ഷം തന്നെ ഇവിടെ കൃഷി ചെയ്യാന്‍ കഴിയുന്ന പുഞ്ചപ്പാടങ്ങളെക്കുറിച്ചും മറ്റു നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."